പന്തളം:ജനങ്ങളുടെ സജീവമായ പങ്കാളിത്തമാണ് നാടിന്റെ സമഗ്രവികസനത്തിന് ആവശ്യമെന്ന് അഡ്വ. കെ. യു. ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. ഇലവുംതിട്ട മൂലൂര്‍ സ്മാരക എസ്എന്‍ഡിപി ഹാളില്‍ നടന്ന സേവാസിന്റെ – സെല്‍ഫ് എമര്‍ജിങ് വില്ലേജ് ത്രൂ അഡ്വാന്‍സ്ഡ് സപ്പോര്‍ട്ട് (നൂതന പിന്തുണയോടെ സ്വാശ്രയത്വത്തിലേക്കുയരുന്ന ഗ്രാമം) ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാനസൗകര്യ വികസനത്തില്‍ മികച്ച മുന്നേറ്റം കാഴ്ചവെക്കുന്ന ഗ്രാമപഞ്ചായത്താണ് മെഴുവേലി. വിദ്യാര്‍ഥികള്‍ക്ക് മുന്നോട്ടുപോകാനുള്ള സാധ്യതകള്‍ മനസ്സിലാക്കിയാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി അവരുടെ അഭിരുചികളും താല്‍പര്യങ്ങളും മനസ്സിലാക്കുകയാണ് പ്രധാനം. വിദ്യാര്‍ഥികള്‍ക്ക് ഇത്തരം പദ്ധതികളിലൂടെ ലഭിക്കുന്ന പിന്തുണയിലൂടെ അവരുടെ സൃഷ്ടികള്‍ ലോകത്തിന്റെ നെറുകയില്‍ എത്തിക്കാന്‍ സാധിക്കും. സാമൂഹിക പ്രതിബദ്ധതയുള്ളവരുടെ പിന്തുണകൂടിയാണ് ഇത്തരം പദ്ധതികളുടെ വിജയമെന്നും എംഎല്‍എ പറഞ്ഞു.

ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ സേവാസിന്റെ സര്‍വേ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു . മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍ റിപ്പോര്‍ട്ട് ഏറ്റുവാങ്ങി. സമഗ്രശിക്ഷ എസ്പിഡി ഡോ. എ. ആര്‍. സുപ്രിയ പദ്ധതി വിശദീകരണം നടത്തി. മെഴുവേലി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീയുടെ 25 വര്‍ഷത്തെ ചരിത്രം രേഖപ്പെടുത്തിയ ഉണര്‍വ് പുസ്തക പ്രകാശന എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തും സമഗ്രശിക്ഷ കേരളയും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുക, വിദ്യാഭ്യാസം, സാംസ്‌കാരികബോധം, തൊഴില്‍ നൈപുണി മേഖലകള്‍ എന്നിവയില്‍ മികവ് നേടാന്‍ സഹായിക്കുക, വിവിധ തരം പരിമിതികള്‍ അനുഭവിക്കുന്ന കുട്ടികള്‍ക്ക് സാമൂഹിക പങ്കാളിത്തത്തോടെ ആത്മവിശ്വാസവും, ജീവിതനൈപുണിയും നേടത്തക്കവിധത്തില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുക എന്നിവയാണ് സേവാസ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍. 2023 ഫെബ്രുവരിയില്‍ സേവാസ് പഞ്ചായത്ത് കര്‍മസമിതി രൂപീകരിച്ച് പഞ്ചായത്തിലെ പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിനുള്ള പ്രാഥമിക പഠനവും പരിശീലനവും നടത്തി. അവധിക്കാലത്ത് ഫുട്‌ബോള്‍, ചിത്രകലാ പരിശീലനങ്ങളും സംഘടിപ്പിച്ചു.

മുന്‍ എംഎല്‍എ കെ സി രാജഗോപാലന്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി. എസ്. അനീഷ് മോന്‍, ബ്ലോക്ക് പഞ്ചായത്തംഗം രജിത കുഞ്ഞുമോന്‍, ജില്ലാ ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ ആര്‍. അജിത് കുമാര്‍, മെഴുവേലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില ചെറിയാന്‍,വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വിനീത അനില്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി രാജു, എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ എ പി ജയലക്ഷ്മി, തൃതല പഞ്ചായത്തംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here