Saturday, July 27, 2024
HomeENTERTAINMENTINDIAജനന തീയതി തെളിയിക്കാൻ  ആധാർ സ്വീകരിക്കില്ല; സുപ്രധാന തീരുമാനവുമായി ഇപിഎഫ്‌ഒ

ജനന തീയതി തെളിയിക്കാൻ  ആധാർ സ്വീകരിക്കില്ല; സുപ്രധാന തീരുമാനവുമായി ഇപിഎഫ്‌ഒ

ന്യുഡല്‍ഹി: ജനന തീയതി തെളിയിക്കാനുള്ള അംഗീകൃത രേഖകളുടെ പട്ടികയിൽ നിന്ന് ആധാർ ഒഴിവാക്കി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷൻ. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഒഫ് ഇന്ത്യയില്‍ നിന്ന് ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജനന തീയതി തെളിയിക്കാന്‍ ആധാര്‍ സ്വീകാര്യമല്ലെന്ന തരത്തിൽ ഇപിഎഫ്ഒ നിബന്ധനകളില്‍ മാറ്റം വരുത്തിയത്. ജനുവരി 16ന് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കുകയും ചെയ്തു.ജനന തീയതി നിര്‍ണയിക്കുന്നതിനുള്ള രേഖയായി കണക്കാക്കിയിരുന്ന ആധാര്‍ ഇനി ആ ആവശ്യത്തിനായി കണക്കാക്കില്ലെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു. ആധാര്‍ ഒരു തിരിച്ചറിയല്‍ പരിശോധനാ രേഖയാണെന്നും അത് ജനന തീയതി പരിശോധിക്കാനുള്ള രേഖയല്ലെന്നും വിശദീകരണമുണ്ട്. അടുത്തിടെ പുറത്തുവന്ന ചില കോടതി വിധികളും ആധാറിനെ ജനന തീയതി നിര്‍ണയത്തിനുള്ള രേഖയായി കണക്കാക്കാതിരിക്കാനുള്ള തീരുമാനത്തിന് ശക്തി പകരുന്നതാണെന്ന് ഇപിഎഫ്ഒ വ്യക്തമാക്കിയിട്ടുണ്ട്. യുനീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയിൽ നിന്ന് ലഭിച്ച കത്തിൽ ജനന തീയതി തെളിയിക്കാനുള്ള അംഗീകൃത രേഖകളില്‍ നിന്ന് ആധാര്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു. ഇതനുസരിച്ചാണ് പുതിയ മാറ്റം കൊണ്ടുവരുന്നതെന്ന് സെന്‍ട്രൽ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണറുടെ അംഗീകാരത്തോടെ പുറത്തിറക്കിയ സര്‍ക്കുലറിൽ വിശദീകരിക്കുന്നുണ്ട്.

ആധാര്‍ ഒഴിവാക്കിയ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ ജനന തീയതി തെളിയിക്കാനുള്ള രേഖകള്‍ താഴെ പറയുന്നവയാണ്.

അംഗീകൃത സര്‍ക്കാര്‍ ബോര്‍ഡ് അല്ലെങ്കിൽ സര്‍വകലാശാല നല്‍കിയ മാര്‍ക്ക് ഷീറ്റ്, പേരും ജനന തീയതിയും രേഖപ്പെടുത്തിയ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കിൽ സ്കൂൾ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, സര്‍വീസ് റെക്കോര്‍ഡുകള്‍ പ്രകാരം നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകൾ, പാൻ കാര്‍ഡ്, സെന്‍ട്രൽ അല്ലെങ്കിൽ സ്റ്റേറ്റ് പെന്‍ഷന് പേയ്മെന്റ് ഓര്‍ഡര്‍, സര്‍ക്കാര്‍ നല്‍കുന്ന സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ്, പാസ്‍പോര്‍ട്ട്, സര്‍ക്കാര്‍ പെൻഷൻ, സിവിൽ സര്‍ജന്‍ നൽകുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്.

RELATED ARTICLES

Most Popular

Recent Comments