ഒൻപതാം സഹകരണ കോൺഗ്രസിന്റെ ഉദ്‌ഘാടനം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. അഭൂതപൂർവമായ വളർച്ച കൈവരിച്ച സംസ്ഥാന സഹകരണ മേഖല രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യ ശ്രദ്ധ ആകർഷിക്കുന്ന തരത്തിൽ മേഖല വളർന്നു കഴിഞ്ഞു. കേരള ബാങ്ക് മാതൃക പഠിക്കാൻ മറ്റു സംസ്ഥാനങ്ങൾ എത്തുന്ന തലത്തിലേക്കുയർന്നു. വായ്പ നൽകുന്നുന്നതിൽ നിന്ന് നിക്ഷേപം സ്വീകരിക്കുന്നതിലേക്കും വൈവിധ്യ മേഖലകളിലേക്കും ചുവടുറപ്പിച്ച സഹകരണമേഖല നാടിന്റെ മാറ്റത്തിനും സാമൂഹിക വളർച്ചക്കുമാണ് അടിത്തറപാകുന്നത്. സഹകരണ മേഖലയുടെ സ്വാധീനം എല്ലായിടത്തും പ്രകടമാണ്. വിദ്യാഭ്യാസ, ആശുപത്രി രംഗങ്ങളിലും വൻതോതിൽ കാര്യക്ഷമമായ ഇടപെടൽ നടത്താൻ ഇനിയും സഹകരണ മേഖലക്ക് കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സഹകരണ നിയമത്തിന്റേയും ചട്ടങ്ങളുടേയും പിൻബലത്തോടെയാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങൾ പ്രവർത്തിക്കുന്നത്. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ സർവ്വീസ് സഹകരണ സംഘമായി മാറ്റപ്പെടുകയും പിന്നീട് സർവ്വീസ് സഹകരണ ബാങ്കായി മാറുകയും ചെയ്തു. ഇത്തരത്തിൽ ക്രമാനുഗതമായി വളർച്ചനേടി സഹകരണ വകുപ്പിന്റെ അനുമതിയോടെയാണ് പ്രവർത്തിക്കുന്നത്. നിലവിൽ ആരും ശ്രദ്ധിക്കുന്ന കരുത്തുറ്റ മേഖലയായി കേരളത്തിന്റെ സഹകരണ മേഖല മാറി. ഇന്ത്യയിൽ മാത്രമല്ല, ഏഷ്യയിലെ ഏറ്റവും വലിയ സഹകരണ സ്ഥാപനമായി കേരള ബാങ്ക് മാറി. രണ്ടായിരത്തി നാൽപ്പത്തിയഞ്ചുകോടി രൂപയുടെ ഓഹരി പങ്കാളിത്തം ഉണ്ട്. ഒരു ലക്ഷത്തി പതിനായിരത്തി എണ്ണൂറ്റിയൻപത്തിയേഴു കോടിരൂപയുടെ ബിസിനസാണ് കേരള ബാങ്കിനുള്ളത്.

കേരളത്തിലെ സഹകരണമേഖലയുടെ വിശ്വാസ്യതക്ക് കോട്ടംതട്ടാതെ ഉറച്ചുനിൽക്കേണ്ടതുണ്ട്. വളർച്ച കൈവരിച്ചു മുന്നോട്ടു പോകുന്നതിനിടയിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ദുഷിച്ച പ്രവണത കണ്ടുവരുന്നുണ്ട്. അഴിമതി ആരുടെ ഭാഗത്തുനിന്നുണ്ടായാലും ഒരു തരത്തിലുള്ള പരിരക്ഷയും വകുപ്പിൽ നിന്നോ സർക്കാരിൽ നിന്നോ ഉണ്ടാകില്ല. തെറ്റുകാരെ ശിക്ഷിക്കുകയും സഹകരണ സംഘത്തെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാട് തുടരുമെന്നും പ്രാഥമിക സഹകരണ സംഘങ്ങൾക്കായി ഏകീകൃത സോഫ്റ്റ് വെയർ തയ്യാറാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ അദ്ധ്യക്ഷനായി. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, വി ജോയ് എംഎൽഎ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണസംഘം രജിസ്ട്രാർ ടി വി സുഭാഷ്, സംസ്ഥാന സഹകരണ യൂണിയൻ അഡീഷണൽ രജിസ്ട്രാർ സെക്രട്ടറി ഗ്ലാഡി ജോൺ പുത്തൂർ, സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ കൃഷ്ണൻ നായർ, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ എന്നിവർ സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here