Saturday, July 27, 2024
HomePOLITICSKERALAMഅൺ എയ്ഡഡ് മേഖലകളിലെ തൊഴിൽ ചൂഷണം ഗൗരവതരം: വനിതാ കമ്മിഷൻ

അൺ എയ്ഡഡ് മേഖലകളിലെ തൊഴിൽ ചൂഷണം ഗൗരവതരം: വനിതാ കമ്മിഷൻ

മലപ്പുറം:

25 വർഷമായി അൺ എയ്ഡഡ് സ്‌കൂളിൽ അധ്യാപികമാരായി ജോലി ചെയ്തവരെ മതിയായ യോഗ്യതകളില്ലെന്ന ഏകപക്ഷീയമായ തീരുമാനത്തിലൂടെ പിരിച്ചുവിട്ട സ്‌കൂൾ മാനേജ്മെന്റിനെതിരായ പരാതി വളരെ ഗൗരവമുള്ളതാണെന്ന് വനിതാ കമ്മിഷൻ അംഗം വി.ആർ. മഹിളാമണി പറഞ്ഞു. മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന അദാലത്തിൽ പരാതികൾ തീർപ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു അവർ.

വളരെ കുറഞ്ഞ വേതനത്തിൽ അധ്യാപകരെ ജോലി ചെയ്യിക്കുകയും പല കാരണങ്ങൾ പറഞ്ഞ് ഇവതന്നെ വെട്ടി കുറക്കുകയും ചെയ്തു. പരാതിക്കാരായി വന്ന അധ്യാപികമാർ 40 വയസ്സിന് മുകളിലുള്ളവരായതിനാൽ മറ്റ് ജോലികളിലേക്ക് മാറാൻ പ്രയാസവുമാണ്. ബിരുദാനന്തര ബിരുദവും ബി.എഡും മറ്റ് അധ്യാപക യോഗ്യതകളുമുണ്ടെങ്കിലും വേണ്ടത്ര യോഗ്യതകളില്ല, സർട്ടിഫിക്കറ്റ് കാണുന്നില്ല എന്ന് പറഞ്ഞാണ് ഇവരെ പിരിച്ചുവിട്ടിരിക്കുന്നത്. ഈ കേസിൽ മാനേജ്മെന്റിനോട് അധ്യാപകരെ തിരിച്ചെടുക്കാനും ആനുകൂല്യങ്ങൾ നൽകുന്നതിനും ശമ്പളം നൽകുന്ന റെക്കോഡുകൾ സൂക്ഷിക്കണമെന്നും കമ്മിഷൻ നിർദേശിച്ചു.പൊതുവിദ്യാലയങ്ങളിലുണ്ടായ മികവ് അൺ എയ്ഡഡ് മേഖലകളിൽ കുട്ടികളുടെ കുറവിന് കാരണമായിട്ടുണ്ടെന്നും ഇക്കാരണങ്ങൾ കൊണ്ട് ഈ മേഖലയിൽ ജോലി ചെയ്യുന്ന അധ്യാപകർ തൊഴിൽ ചൂഷണത്തിന് വിധേയരാവുന്നുണ്ടെന്നും കമ്മിഷൻ വിലയിരുത്തി.

മലപ്പുറം ജില്ലാതല അദാലത്തിൽ ഏഴ് പരാതികൾ തീർപ്പാക്കി. പരിഗണനയ്ക്കു വന്ന 38 പരാതികളിൽ ആറു കേസുകൾ തുടർ നടപടിക്കായി പോലീസിന് കൈമാറി. ഒരു കേസിൽ ഡി.എൻ.എ പരിശോധനയ്ക്കും ഒന്ന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ പരിഗണയിലേക്കും കൈമാറി. 23 കേസുകൾ അടുത്ത  അദാലത്തിലേക്ക് മാറ്റി. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ അഡ്വ. ബീനാ കരുവാത്ത്, അഡ്വ. പി.പി. ഷീല, കൗൺസിലർ ശ്രുതി നാരായണൻ, വനിതാ ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES

Most Popular

Recent Comments