Saturday, July 27, 2024
HomePOLITICSKERALAMഅയിരൂര്‍ - ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് :

അയിരൂര്‍ – ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് :

വിപുലമായ ഒരുക്കങ്ങളോടെ മികച്ച രീതിയില്‍

പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്

അയിരൂര്‍ – ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് വിപുലമായ ഒരുക്കങ്ങളോടെ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. അയിരൂര്‍ -ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്തിനായി സര്‍ക്കാര്‍ തലത്തില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഫെബ്രുവരി നാല് മുതല്‍ 11 വരെയാണ് പരിഷത്ത് നടക്കുക.

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീം പരിഷത്ത് നഗറില്‍ സജ്ജമായിരിക്കണം. ആംബുലന്‍സ്, ഡോക്ടര്‍മാര്‍ , ബോധവത്ക്കരണസ്റ്റാള്‍ , ക്ലോറിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ നടത്തണം. കോഴഞ്ചേരി ജില്ലാ ആശുപത്രി, കാഞ്ഞീറ്റുകര പ്രാഥമികാരോഗ്യകേന്ദ്രം എന്നിവിടങ്ങളില്‍ വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. പമ്പാനദിയുടെ കടവുകളിലും അപകടകരമായ ഇടങ്ങളിലും ആവശ്യമായ മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥാപിക്കണം. രാത്രി ഒന്‍പത് മണി വരെ പ്രഭാഷണം കേള്‍ക്കാന്‍ ഇരിക്കുന്നവര്‍ക്ക് തിരിച്ച് പോകാന്‍ ആവശ്യമായ രീതിയില്‍ കെഎസ്ആര്‍ടിസി അധികസര്‍വീസുകള്‍ ഏര്‍പ്പെടുത്തണം. അയിരൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും, മാലിന്യനിര്‍മാര്‍ജ്ജനവും നടത്തണം. പരിഷത്ത് നഗറില്‍ ഇ-ടോയ്‌ലെറ്റ് സംവിധാനം ഏര്‍പ്പെടുത്തണം. ഹരിതകര്‍മ്മസേനയുടെ നേതൃത്വത്തില്‍ മാലിന്യം നിക്ഷേപിക്കുന്നതിന് പ്രത്യേകം പ്രത്യേകം ബിന്നുകള്‍ സ്ഥാപിക്കണം. ലഹരിവസ്തുക്കളുടെ ഉപയോഗം തടയുന്നതിന് എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കണം. റോഡിന്റെ വശങ്ങളിലെ കാടുകളും മണ്‍പുറ്റുകളും നീക്കം ചെയ്യണം. എഴുമറ്റൂര്‍-പുളിമുക്ക് റോഡിന്റെ അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും അവലോകനയോഗത്തിന്റെ അടിസ്ഥാനത്തില്‍ ദുരന്തവിഭാഗം ഡെപ്യുട്ടി കളക്ടറിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തണമെന്നും എല്ലാ വകുപ്പുകളുടേയും പങ്കാളിത്തം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

പമ്പാനദിയുടെ മഹത്വം കാത്തുസൂക്ഷിക്കുന്ന തരത്തിലുള്ള മാലിന്യനിര്‍മാര്‍ജ്ജനപ്രവര്‍ത്തനങ്ങള്‍ പരിഷത്തിന്റെ ഭാഗമായി നടത്തണമെന്ന് അഡ്വ പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. പരിഷത്ത് കഴിയുമ്പോള്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഏറ്റവും മാതൃകയാകണമെന്നും ഗ്രീന്‍പ്രോട്ടോക്കോള്‍ പാലിക്കുന്നതിനായി പ്രത്യേക പ്ലാന്‍ ഉണ്ടാക്കണമെന്നും അതിനായി യോഗം വിളിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അയിരൂര്‍ -ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ ഏകോപനത്തിനായി ദുരന്തവിഭാഗം ഡെപ്യുട്ടി കളക്ടറിനും റാന്നി തഹസില്‍ദാരേയും ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തി.

എല്ലാ വകുപ്പുകളും ഒരുമിച്ച് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കണമെന്ന് അധ്യക്ഷത വഹിച്ച് സംസാരിച്ച ജില്ലാ കളക്ടര്‍ എ ഷിബു പറഞ്ഞു. 22 ന് രാവിലെ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നേരിട്ട് സ്ഥലം സന്ദര്‍ശിക്കുന്നുണ്ടെന്നും ഇറിഗേഷന്‍, വാട്ടര്‍ അതോറിറ്റി, പൊതുമരാമത്ത് കെട്ടിടവിഭാഗം, പഞ്ചായത്ത് തുടങ്ങിയ വകുപ്പുദ്യോഗസ്ഥര്‍ പരിശോധനയില്‍ പങ്കെടുക്കണമെന്നും കളക്ടര്‍ പറഞ്ഞു.

കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി വി അജിത്ത്, തിരുവല്ല സബ് കളക്ടര്‍ സഫ്‌ന നസറുദ്ദീന്‍, ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി എസ് നായര്‍, സെക്രട്ടറി എ ആര്‍ വിക്രമന്‍ പിള്ള, വൈസ് പ്രസിഡന്റ് കെ ഹരിദാസ് , ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED ARTICLES

Most Popular

Recent Comments