തൊടുപുഴ:സംസ്ഥാനത്തിന്റെ കായികരംഗത്ത് ആഗോള പങ്കാളിത്തവും നിക്ഷേപവും വികേന്ദ്രീക്യതപദ്ധതി ആസൂത്രണവും ലക്ഷ്യം വച്ച് ജനുവരി 23 മുതല്‍ 26 വരെ തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ പ്രചരണാര്‍ത്ഥം കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന ‘ടൂര്‍ ഡി കേരള സൈക്ലത്തോണിന് ഇടുക്കി ജില്ലയില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേത്യത്വത്തില്‍ വിവിധ കായിക അസോസിയേഷനുകളുടെയും തൊടുപുഴ സോക്കര്‍ സ്‌കൂളിന്റെയും ആഭിമുഖ്യത്തില്‍ തൊടുപുഴ സോക്കര്‍ സ്‌കൂള്‍, തൊടുപുഴ മുന്‍സിപ്പല്‍ മൈതാനം, കരിങ്കുന്നം സെന്റ് അഗസ്റ്റ്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് സ്വീകരണം നല്‍കിയത്.

ജില്ലാ അതിര്‍ത്തിയില്‍ പ്രവേശിച്ച സൈക്ലത്തോണ്‍ റാലിയെ ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് പി.എ സലിംകുട്ടിയുടെ നേത്യത്വത്തില്‍ വെങ്ങല്ലൂര്‍ സോക്കര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു. തുടര്‍ന്ന് തൊടുപുഴ മുന്‍സിപ്പല്‍ മൈതാനത്ത് എത്തിച്ചേര്‍ന്ന സൈക്ലത്തോണിന് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്റെ നേത്യത്വത്തില്‍ സ്വീകരണം നല്‍കി.

മുന്‍സിപ്പല്‍ മൈതാനത്ത് ചേര്‍ന്ന സ്വീകരണയോഗം തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഫുട്ബോള്‍ അസോസിയേഷന്‍ ഓണററി പ്രസിഡന്റ് ടോം ജോസ് അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ഷൈന്‍ എന്‍.പി സ്വാഗതം ആശംസിച്ചു.

തുടര്‍ന്ന് കരിങ്കുന്നം സെന്റ് അഗസ്റ്റ്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തിച്ചേര്‍ന്ന സൈക്ലത്തോണ്‍ റാലിയെ ബാന്റുമേളങ്ങളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ സ്വീകരിച്ചു. 600 ലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബിനുമോന്‍ ജോസഫ് പരിപാടിക്ക് നേത്യത്വം നല്‍കി.

ജില്ലയിലെ വിവിധയിടങ്ങളിലായി നല്‍കിയ സ്വീകരണങ്ങളില്‍ ജില്ലാ കായിക അസോസിയേഷന്‍ ഭാരവാഹികളായ പി.കെ രാജേന്ദ്രന്‍, ഷിജി ജെയിംസ്, നിവാസ് എ.ജെ, കെ., ശശിധരന്‍, ഷൗക്കത്ത്, മനോജ് കൊക്കാട്ട്, എ.പി. മുഹമ്മദ് ബഷീര്‍, സന്ദീപ് സെന്‍, ജില്ലാ സ്പോര്‍ട്സ് ഓഫീസര്‍ ദീപ്തി മരിയ ജോസ്, കേരളാ സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ വോളിബോള്‍ പരിശീലകന്‍ അനില്‍ എം.കുര്യന്‍ തുടങ്ങി കായിക, രാഷ്ട്രീയ, സാമൂഹ്യരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here