ന്യൂഡൽഹി: 75ാം റിപ്പബ്ലിക് ദിനാഘോഷത്തിന് രാജ്യത്ത് തുടക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചു.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണാണ് ഇത്തവണത്തെ വിശിഷ്ടാതിഥി. കർത്തവ്യ പഥിൽ ഉടൻ പരേഡ് ആരംഭിക്കും. ഇന്ത്യയുടെ സൈനിക-സ്ത്രീ ശക്തി വിളിച്ചോതുന്നതായിരിക്കും ഒന്നര മണിക്കൂർ പരേഡ്. 80 ശതമാനവും സ്ത്രീകളാണ് ഇത്തവണ പരേഡിൽ പങ്കെടുക്കുന്നത്. മിസൈലുകള്‍, ഡ്രോണുകൾ, നിരീക്ഷണ ഉപകരണങ്ങള്‍, സൈനികവാഹനങ്ങള്‍ തുടങ്ങിയവ പരേഡില്‍ അണിനിരക്കും. 95 ഫ്രഞ്ച് സേനാംഗങ്ങളും മാർച്ച് ചെയ്യും. 33 പേരുള്ള ബാൻഡ് സംഘവും ഫ്രാൻസിൽ നിന്നെത്തിയിട്ടുണ്ട്.ഫ്രഞ്ച് എയർഫോഴ്സിന്റെ രണ്ട് റഫേൽ യുദ്ധവിമാനങ്ങളും ടാങ്കറും പരേഡിനിടെ പറക്കും. സംസ്ഥാനത്തും വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയപതാക ഉയർത്തി. വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എൻ.സി.സി, സ്കൗട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം ഗവർണർ സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തു. മറ്റു ജില്ലകളിലും ആഘോഷങ്ങൾ പുരോഗമിക്കുകയാണ്.കർത്തവ്യ പഥിലെ പരേഡിൽ വിവിധ സേനവിഭാഗങ്ങളുടെ മാർച്ച് പാസ്റ്റ് ആകും ഇത്തവണത്തെയും ആകർഷണം. വിവിധ സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യങ്ങളും അണിനിരക്കും. കേരളമടക്കം പല സംസ്ഥാനങ്ങളുടെയും നിശ്ചലദൃശ്യങ്ങൾക്ക് ഇത്തവണയും സർക്കാർ അനുമതി നൽകിയിട്ടില്ല. വികസിത ഇന്ത്യ, ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് എന്നിവയാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന മുദ്രാവാക്യം. വിജയ്ചൗക് മുതൽ കർത്തവ്യപഥ് (പഴയ രാജ്പഥ്) വരെയാകും പരേഡ്. വ്യോമസേനയുടെ എയർഷോയുമുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here