പ്രധാനമന്ത്രി ജനുവരി 25ന് ബുലന്ദ്ഷഹറും ജയ്പൂരും സന്ദര്‍ശിക്കും

ജയ്പൂരില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്യും

ബുലന്ദ്ഷഹറില്‍ 19,100 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും

റെയില്‍, റോഡ്, എണ്ണ, വാതകം, നഗര വികസനം, ഭവന നിര്‍മ്മാണം എന്നിവയുമായി ബന്ധപ്പെട്ട ഒന്നിലധികം പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് രാജ്യത്തിന് സമര്‍പ്പിക്കും.

ന്യൂഡൽഹി : 2024 ജനുവരി 24

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനുവരി 25ന് യുപിയിലെ ബുലന്ദ്ഷഹറും രാജസ്ഥാനിലെ ജയ്പൂരും സന്ദര്‍ശിക്കും. ബുലന്ദ്ഷഹറില്‍ ഉച്ചകഴിഞ്ഞ് 1:45ന്, 19,100 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്യും. റെയില്‍, റോഡ്, എണ്ണ, വാതകം, നഗരവികസനവും ഭവനനിര്‍മ്മാണവും തുടങ്ങി നിരവധി സുപ്രധാന മേഖലകളുമായി ബന്ധപ്പെട്ടതാണ് പദ്ധതികള്‍.

വൈകുന്നേരം 5:30 ന് ജയ്പൂരില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ പ്രധാനമന്ത്രി സ്വീകരിക്കും.  പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനൊപ്പം ജന്തര്‍ മന്തര്‍, ഹവാ മഹല്‍ എന്നിവയുള്‍പ്പെടെ നഗരത്തിലെ സാംസ്‌കാരികവും ചരിത്രപരവുമായ പ്രാധാന്യമുള്ള വിവിധ സ്ഥലങ്ങള്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കും.

യുപിയിലെ ബുലന്ദ്ഷഹറിൽ നടക്കുന്ന പരിപാടിയില്‍, സമര്‍പ്പിത ചരക്ക് ഇടനാഴിയിലെ (ഡിഎഫ്സി) ന്യൂ ഖുര്‍ജയ്ക്കും ന്യൂ രേവാരിക്കുമിടയിലെ 173 കിലോമീറ്റര്‍ നീളമുള്ള ഇരട്ട ലൈന്‍ വൈദ്യുതീകരിച്ച ഭാഗം വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ രണ്ട് സ്റ്റേഷനുകളില്‍ നിന്നുള്ള ഗുഡ്സ് ട്രെയിനുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. പടിഞ്ഞാറന്‍, കിഴക്കന്‍ ഡിഎഫ്സികള്‍ക്കിടയില്‍ നിര്‍ണായക ബന്ധം സ്ഥാപിക്കുന്നതിനാല്‍ ഈ പുതിയ ഡിഎഫ്സി വിഭാഗം പ്രധാനമാണ്. കൂടാതെ,  എഞ്ചിനീയറിംഗിന്റെ ശ്രദ്ധേയമായ നേട്ടത്തിനും ഈ വിഭാഗം പേരുകേട്ടതാണ്. ‘ഉയര്‍ന്ന വൈദ്യുതീകരണത്തോടുകൂടിയ ഒരു കിലോമീറ്റര്‍ നീളമുള്ള ഇരട്ട ലൈന്‍ റെയില്‍ തുരങ്കം’ ഇതിലുണ്ട്.  ലോകത്തിൽ ഇത്തരത്തിലുള്ള ആദ്യത്തെ സംവിധാനമാണിത്. ഡബിള്‍ സ്റ്റാക്ക് കണ്ടെയ്നര്‍ ട്രെയിനുകള്‍ തടസ്സങ്ങളില്ലാതെ പ്രവര്‍ത്തിപ്പിക്കാനാണ് ഈ തുരങ്കം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഡിഎഫ്സി ട്രാക്കില്‍ ഗുഡ്സ് ട്രെയിനുകള്‍ മാറുന്നതിനാല്‍ പാസഞ്ചര്‍ ട്രെയിനുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഈ പുതിയ ഡിഎഫ്സി വിഭാഗം സഹായിക്കും.

മഥുര – പല്‍വാല്‍ സെക്ഷനിനെയും ചിപിയാന ബുസുര്‍ഗ് – ദാദ്രി സെക്ഷനെയും ബന്ധിപ്പിക്കുന്ന നാലാമത്തെ ലൈനും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. ഈ പുതിയ ലൈനുകള്‍ ഇന്ത്യയുടെ തെക്ക് പടിഞ്ഞാറന്‍, കിഴക്കന്‍ ഭാഗങ്ങളിലേക്കുള്ള ദേശീയ തലസ്ഥാനത്തിന്റെ റെയില്‍ കണക്റ്റിവിറ്റി മെച്ചപ്പെടുത്തും.

ഒന്നിലധികം റോഡ് വികസന പദ്ധതികള്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. പദ്ധതികളില്‍ അലിഗഡ് മുതല്‍ ഭാദ്വാസ് വരെയുള്ള നാല് വരിപ്പാത വര്‍ക്ക് പാക്കേജ്-1 (എൻ എച്ച് 34ന്റെ അലിഗഡ്-കാന്‍പൂര്‍ സെക്ഷന്റെ ഭാഗം) ഉള്‍പ്പെടുന്നു; ഷാംലി (എൻ എച്ച്709എ) വഴി മീററ്റ് മുതല്‍ കര്‍ണാല്‍ അതിര്‍ത്തി വരെ വീതി കൂട്ടുന്നു; എൻ എച്ച് 709 എഡി പാക്കേജ്-II ന്റെ ഷാംലി-മുസാഫര്‍നഗര്‍ ഭാഗത്തിന്റെ നാലുവരിപ്പാതയും ഇതിൻ്റെ ഭാഗമാണ്. 5000 കോടിയിലധികം രൂപ ചെലവില്‍ വികസിപ്പിച്ച ഈ റോഡ് പദ്ധതികള്‍ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും മേഖലയിലെ സാമ്പത്തിക വികസനത്തിന് സഹായിക്കുകയും ചെയ്യും.

പരിപാടിയില്‍ ഇന്ത്യന്‍ ഓയിലിന്റെ തുണ്ഡ്ല-ഗവാരിയ പൈപ്പ്ലൈനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഏകദേശം 700 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച 255 കിലോമീറ്റര്‍ നീളമുള്ള ഈ പൈപ്പ് ലൈന്‍ പദ്ധതി നിശ്ചയിച്ച സമയത്തേക്കാള്‍ വളരെ മുന്‍പ് തന്നെ പൂര്‍ത്തിയാക്കി. മഥുര, തുണ്ഡ്ല എന്നിവിടങ്ങളില്‍ പമ്പിങ് സൗകര്യവും തുണ്ഡ്ല, ലക്നൗ, കാണ്‍പൂര്‍ എന്നിവിടങ്ങളില്‍ ഡെലിവറി സൗകര്യങ്ങളുമുള്ള ബറൗണി-കാന്‍പൂര്‍ പൈപ്പ് ലൈനില്‍ തുണ്ഡ്ലയില്‍ നിന്ന് ഗവാരിയ ടി-പോയിന്റിലേക്ക് പെട്രോളിയം ഉല്‍പന്നങ്ങള്‍ കൊണ്ടുപോകാന്‍ പദ്ധതി സഹായിക്കും.

ഗ്രേറ്റര്‍ നോയിഡയിലെ ഇന്റഗ്രേറ്റഡ് ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്പ് (ഐഐടിജിഎന്‍) പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. പ്രധാനമന്ത്രി-ഗതിശക്തിയുടെ കീഴിലുള്ള അടിസ്ഥാന സൗകര്യ കണക്റ്റിവിറ്റി പദ്ധതികളുടെ സംയോജിത ആസൂത്രണവും ഏകോപിത നടപ്പാക്കലും സംബന്ധിച്ച പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. 1,714 കോടി രൂപ ചെലവില്‍ നിര്‍മിച്ച് 747 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഈ പദ്ധതി, കിഴക്ക്, പടിഞ്ഞാറന്‍ ഡെഡിക്കേറ്റഡ് ചരക്ക് ഇടനാഴികളുടേയും ദക്ഷിണ ഭാഗത്തേക്കളുള്ള ഈസ്റ്റേണ്‍ പെരിഫറല്‍ എക്സ്പ്രസ് വേയുടേയും കിഴക്ക് ഭാഗത്തേക്കുള്ള ഡല്‍ഹി-ഹൗറ ബ്രോഡ് ഗേജ് റെയില്‍ പാതയുടേയും സംഗമ സ്ഥാനത്തിന് സമീപം സ്ഥിതി ചെയ്യുന്നു. മള്‍ട്ടി മോഡല്‍ കണക്റ്റിവിറ്റിക്കുള്ള മറ്റ് ഇന്‍ഫ്രാസ്ട്രക്ചറുകള്‍ ഈ പ്രോജക്റ്റിന് സമീപമുള്ളതിനാല്‍ ഐഐടിജിഎന്നിന്റെ തന്ത്രപ്രധാനമായ സ്ഥാനം സമാനതകളില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കുന്നു. നോയിഡ-ഗ്രേറ്റര്‍ നോയിഡ എക്‌സ്പ്രസ് വേ (5 കി.മീ), യമുന എക്‌സ്പ്രസ് വേ (10 കി.മീ), ഡല്‍ഹി എയര്‍പോര്‍ട്ട് (60 കി.മീ), ജെവാര്‍ എയര്‍പോര്‍ട്ട് (40 കി.മീ), അജയ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍ (0.5 കി.മീ), ന്യൂ ദാദ്രി ഡി.എഫ്.സി.സി സ്റ്റേഷന്‍ (10 കി.മീ). മേഖലയിലെ വ്യാവസായിക വളര്‍ച്ച, സാമ്പത്തിക അഭിവൃദ്ധി, സുസ്ഥിര വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ പദ്ധതി.

പരിപാടിയില്‍, ഏകദേശം 460 കോടി രൂപ ചെലവില്‍ മലിനജല സംസ്‌കരണ പ്ലാന്റ് (എസ്ടിപി) നിര്‍മാണം ഉള്‍പ്പെടെ നവീകരിച്ച മഥുര മലിനജല പദ്ധതിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. മസാനിയില്‍ 30 എംഎൽഡി എസ്ടിപി നിര്‍മ്മാണം, ട്രാന്‍സ് യമുനയില്‍ നിലവിലുള്ള 30 എംഎൽഡി, മസാനിയില്‍ 6.8 എംഎൽഡി എസ്ടിപി എന്നിവയുടെ പുനരുദ്ധാരണം, 20 എംഎൽഡി ടിടിആർഒ പ്ലാന്റ് (ടെർഷ്യറി ട്രീറ്റ്മെൻ്റ് ആൻഡ് റിവേഴ്സ് ഓസ്മോസിസ് പ്ലാൻ്റ്) എന്നിവയുടെ നിര്‍മ്മാണവും ഈ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുന്നു. മൊറാദാബാദ് (രാമഗംഗ) മലിനജല സംവിധാനവും എസ്ടിപി ജോലികളും (ഘട്ടം I) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 330 കോടി രൂപ ചെലവിടുന്ന പദ്ധതിയില്‍ മൊറാദാബാദിലെ രാംഗംഗ നദിയിലെ മലിനീകരണം കുറയ്ക്കുന്നതിനായി 58 എംഎല്‍ഡി എസ്ടിപി, 264 കിലോമീറ്റര്‍ മലിനജല ശൃംഖല, ഒമ്പത് മലിനജല പമ്പിംഗ് സ്റ്റേഷനുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here