Saturday, July 27, 2024
HomeCRIMEലൈംഗീകാതിക്രമക്കേസ്: ഒളിവില്‍പ്പോയ മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ. പി ജി മനുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

ലൈംഗീകാതിക്രമക്കേസ്: ഒളിവില്‍പ്പോയ മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ. പി ജി മനുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പി ജി മനുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

പുത്തന്‍കുരിശ് പോലീസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പി ജി മനു ഒളിവില്‍ പോയിരിക്കുകയാണ്. കേസില്‍ ഹാജരാകാനുള്ള അവസാന ദിവസം കഴിഞ്ഞ വെള്ളിയാഴ്ച അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

കീഴടങ്ങാന്‍ പത്ത് ദിവസത്തെ സമയമാണ് ഹൈക്കോടതി അനുവദിച്ചത്. പത്ത് ദിവസത്തിനുള്ളില്‍ കീഴടങ്ങിയാല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കണമെന്നും ജാമ്യാപേക്ഷ വൈകാതെ പരിഗണിക്കണമെന്നുമായിരുന്നു ജസ്റ്റിസ് പി.ഗോപിനാഥിന്റെ ഉത്തരവ്. റൂറല്‍ എസ്പിക്ക് ലഭിച്ച പരാതിയില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി തെളിവുകള്‍ ശേഖരിച്ച ശേഷമാണ് മനുവിനെതിരെ കേസെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് മനു ഹൈക്കോടതി സീനിയര്‍ ഗവ. പ്ലീഡര്‍ സ്ഥാനം രാജിവച്ചിരുന്നു.

2018 ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കേസില്‍ ഇരയായ യുവതി പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശത്തിനായി അഭിഭാഷകനായ പി ജി മനുവിനെ സമീപിക്കുന്നത്. നിയമ സഹായം നല്‍കാനെന്ന പേരില്‍ യുവതിയെ മനുവിന്റെ കടവന്ത്രയിലെ ഓഫീസില്‍ വിളിച്ചുവരുത്തി ബലമായി പീഡിപ്പിച്ചുവെന്നാണ് പരാതി.

ബലമായി പീഡിപ്പിച്ച ശേഷം സ്വകാര്യ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും യുവതി പോലീസിന് മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐ ടി ആക്‌ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പിജി മനുവിനെതിരെ കേസടുത്തത്. പോലീസില്‍ പരാതിപ്പെടരുതെന്ന് ആവശ്യപ്പെട്ട് മനു സമ്മര്‍ദം ചെലുത്തിയതായും പിന്നീട് രമ്യമായി പരിഹരിക്കാമെന്ന് ആവശ്യപ്പെട്ടതായും യുവതിയുടെ അഭിഭാഷക പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments