Saturday, July 27, 2024
HomeCRIMEപീഡനകഥയുണ്ടാക്കി പണംതട്ടാന്‍ ശ്രമിച്ച സൂത്രധാരൻ അറസ്റ്റിൽ 

പീഡനകഥയുണ്ടാക്കി പണംതട്ടാന്‍ ശ്രമിച്ച സൂത്രധാരൻ അറസ്റ്റിൽ 

മയ്യഴി: മാഹിയിലെ ഒരു ലോഡ്ജില്‍ പീഡനകഥയുണ്ടാക്കി പണംതട്ടാന്‍ ശ്രമിച്ച സംഭവത്തിലെ സൂത്രധാരന്‍ അറസ്റ്റിലായി. കാഞ്ഞങ്ങാട് കാരക്കോട് വട്ടപ്പള്ളി വീട്ടില്‍ മുഹമ്മദ് ഇക്ബാല്‍ എന്ന ശിവശങ്കറിനെയാണ് (61) മാഹി പോലീസ് അറസ്റ്റ് ചെയ്തത്. മാഹിയിലെ ഒരു ലോഡ്ജില്‍ പീഡനകഥയുണ്ടാക്കി പണംതട്ടാന്‍ ശ്രമിച്ച സംഭവത്തി ലാണ് ഇയാൾ  അറസ്റ്റിലായത്കൂടെയുള്ള 63-കാരിയെക്കൊണ്ട് വ്യാജ പരാതി കൊടുപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്.

മാഹിയിലെ ഒരു ലോഡ്ജില്‍ മുറിയെടുക്കുകയും അവിടെ മൂന്നുദിവസം താമസിക്കുകയും ചെയ്തിരുന്നു. ഭാര്യയെന്ന വ്യാജേനയാണ് 63-കാരിയെ കൂടെ താമസിപ്പിച്ചത്. ഇവരെ ലോഡ്ജിലെ റൂംബോയ് പീഡിപ്പിച്ചതായി കാണിച്ചാണ് മാഹി പോലീസ് സ്റ്റേഷനില്‍ പരാതി നല്കിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പരാതി വ്യാജമാണെന്നും ലോഡ്ജ് ഉടമയില്‍നിന്ന് പണം തട്ടാനുള്ള ശ്രമമാണെന്നും വ്യക്തമായി.

മുഹമ്മദ് ഇക്ബാല്‍ എന്ന ശിവശങ്കരന്‍ സ്ത്രീയുടെ ഭര്‍ത്താവല്ലെന്നും സ്ത്രീയുടെ യഥാര്‍ഥ ഭര്‍ത്താവിനെ കഴിഞ്ഞ കുറച്ചുകാലമായി കാണാനില്ലെന്നും പോലീസ് പറഞ്ഞു. സംരക്ഷകനെന്ന വ്യാജേന സ്ത്രീയോട് അടുപ്പം കാണിച്ചാണ് തട്ടിപ്പുകളില്‍ പങ്കാളിയാക്കിയത്. തൃശ്ശൂരില്‍ ഇതേ രീതിയില്‍ പരാതി നല്കി ഒരുകുടുംബത്തെ അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നു. മാഹി പോലീസ് സൂപ്രണ്ട് രാജശങ്കര്‍ വെള്ളാട്ടിന്റെ നിര്‍ദേശത്തില്‍ മാഹി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍.ഷണ്‍മുഖത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്.ഇതിനിടെ ഇയാള്‍ സ്ത്രീയെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സ്ത്രീ അവശനിലയിലാണ്. പീഡനകഥ വിശ്വസനീയമാക്കാന്‍ തലശ്ശേരി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്ത്രീയെ ഉടനെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും പ്രവേശിപ്പിച്ചിരുന്നു. മാഹി എസ്.ഐ. സി.വി.റെനില്‍കുമാര്‍, ക്രൈംസ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ. കിഷോര്‍കുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ ശ്രീജേഷ്, കോണ്‍സ്റ്റബിള്‍ രോഷിത്ത് പാറമേല്‍, എ.എസ്.ഐ. സുനില്‍കുമാര്‍, പി.ബീന, ഹെഡ് കോണ്‍സ്റ്റബിള്‍ വിനീഷ് കുമാര്‍, കെ.പ്രവീണ്‍, അഭിലാഷ് തുടങ്ങിയവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതിയെ മാഹി കോടതി റിമാന്‍ഡ് ചെയ്തു.

RELATED ARTICLES

Most Popular

Recent Comments