ആലപ്പുഴ: നോര്‍ക്ക റൂട്ട്സിൻ്റെ സംസ്ഥാനത്തെ ആദ്യ റീജിയണൽ സബ് സെൻ്റർ ഓഫീസ് ഉദ്ഘാടനം ചെങ്ങന്നൂരിൽ ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ്റെ സാന്നിദ്ധ്യത്തിൽ നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ നിർവഹിച്ചു. 
നിയമസഭാംഗവും മന്ത്രിയുമായ സജി ചെറിയാൻ മുഖ്യമന്ത്രിയ്ക്ക് സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ്
നോർക്ക റൂട്ട്സിൻറെ കേരളത്തിലെ ആദ്യത്തെ റീജണൽ സബ് സെന്റർ ചെങ്ങന്നൂരിൽ യാഥാർഥ്യമാകുന്നത്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള ത്രിവേണി ബിൽഡിങ്ങിന്റെ  മുകൾ നിലയിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. ചടങ്ങിൽ നഗരസഭ ആക്ടിംഗ് ചെയർമാൻ മനീഷ് കിഴാമഠത്തിൽ, നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ. കെ. ഹരികൃഷ്ണന്‍ നമ്പൂതിരി, ജനറൽ മാനേജർ അജിത്ത് കോളശ്ശേരി, ജനപ്രതിനിധികൾ, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

മദ്ധ്യതിരുവിതാംകൂറിൽ ഏറ്റവും കൂടുതൽ പ്രവാസി മലയാളികളുള്ള നിയോജക മണ്ഡലമാണ് ചെങ്ങന്നൂർ. ദിനം പ്രതി നൂറുക്കണക്കിന് ആളുകളാണ് ചെങ്ങന്നൂരിൽ നിന്നും സമീപപ്രദേശങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിലേക്ക് തൊഴിൽ, പഠന ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നത്. നിലവിൽ നോർക്കയുടെ പ്രധാന സേവനങ്ങൾ തിരുവനന്തപുരം, എറണാകുളം ഓഫീസുകളിൽ നിന്നുമാണ് ഇപ്പോൾ ലഭ്യമായിക്കൊണ്ടിരിക്കുന്നത്. ഇവിടെ  നോർക്കയുടെ റീജണൽ സബ് സെന്റർ ആരംഭിക്കുക എന്നത് മദ്ധ്യതിരുവിതാംകൂറിലെ ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യമാണ്. ഈ വിഷയം 2023 ജനുവരിയിൽ കൂടിയ നോർക്ക റൂട്ട്സിൻറെ ഡയറക്ടർ ബോർഡ് യോഗം പരിഗണിക്കുകയും ചെങ്ങന്നൂർ നോർക്കയുടെ ഓഫീസ് ആരംഭിക്കുവാൻ തീരുമാനിക്കുകയായിരുന്നു.
ചെങ്ങന്നൂരിൽ പുതിയ  ഓഫീസ് നിലവിൽ വരുന്നതോടെ നോർക്ക റൂട്ട്സിൻറെ തിരുവനന്തപുരം റീജണൽ സെന്റെറിൽ നിന്നും ലഭ്യമായ എല്ലാ സേവനങ്ങളുടെയും വിശദാംശങ്ങൾ ഈ ഓഫീസിൽ നിന്ന് ലഭിക്കും.  ആലപ്പുഴ ജില്ലക്കാർക്ക് മാത്രമല്ല  പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലയിൽ ഉള്ള പ്രവാസികൾക്കും  ഓഫീസിൻറെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
 
2016 ന്റെ തുടക്കത്തിൽ 13 സർക്കാർ പദ്ധതികളാണ് പ്രവാസി ക്ഷേമം മുൻനിർത്തി നടപ്പിലാക്കിയിരുന്നതെങ്കിൽ 2023-24  കാലയളവിൽ 22 പദ്ധതികളായി. പദ്ധതികളുടെ നടത്തിപ്പിനായി നോർക്ക വകുപ്പിന് 2016-17 കാലയളവിൽ 25.39 കോടി രൂപയാണ് അനുവദിച്ചതെങ്കിൽ ഇന്ന് 2023-24 സാമ്പത്തിക വർഷത്തിൽ അത് 147.51 കോടി രൂപയായി വർദ്ധിച്ചു. നോർക്ക റൂട്ട്സിന് കേരളത്തിൽ തിരുവനന്തപുരത്ത്‌ ആസ്ഥാന കാര്യാലയത്തിന് പുറമെ മൂന്ന് റീജിയണൽ ഓഫീസുകളും 11 ജില്ല സെല്ലുകളും, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി രണ്ട് എൻ.ആർ.കെ. ഡെവെലപ്മെൻറ്  ഓഫീസുകളും 4 സാറ്റലൈറ്റ് ഓഫീസുകളുമാണ് ഉള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here