നെടുങ്കണ്ടം ∙ ഇനി കാലുറപ്പിച്ച് ഇടുക്കിക്ക് സ്വന്തം സിന്തറ്റിക് ട്രാക്കിലോടാം. ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ ജില്ലയുടെ കായിക സ്വപ്നങ്ങൾക്ക് നിറം നൽകി സിന്തറ്റിക് ട്രാക്കോടു കൂടിയ നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയം നാളെ സംസ്ഥാന കായിക വകുപ്പ് മന്ത്രി വി.അബ്ദു റഹ്മാൻ ഉദ്ഘാടനം ചെയ്യും. രാജ്യാന്തര നിലവാരത്തിൽ നിർമിച്ച സ്റ്റേഡിയത്തിൽ 400 മീറ്റർ സിന്തറ്റിക് ട്രാക്ക്, ഫിഫ നിലവാരത്തിൽ നിർമിച്ച ഫുട്ബോൾ മൈതാനം, രാത്രിയിലും പകലും ഒരു പോലെ മത്സരം നടത്താൻ കഴിയുന്ന ഫ്ലഡ്‌ലിറ്റ് സംവിധാനങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. 

ജർമനിയിൽ നിന്ന് ഇറക്കുമതി ചെയ്ത സിന്തറ്റിക് സാധന സാമഗ്രികൾ ഉപയോഗിച്ചാണ് 13.2 മില്ലിമീറ്റർ കനത്തിൽ 400 മീറ്റർ സിന്തറ്റിക് ട്രാക്ക് നിർമിച്ചിരിക്കുന്നത്. ട്രാക്കിന്റെ ആദ്യ ഭാഗം 10 ലൈനുകൾ ഉള്ള 100 മീറ്റർ ട്രാക്കും ബാക്കി ഭാഗം 8 ലൈനുകളോടു കൂടിയ ട്രാക്കുമാണ്. 400 മീറ്റർ, 100 മീറ്റർ ഓട്ടമത്സരങ്ങൾക്കു പുറമേ ഡിസ്കസ്, ഹാമർ ത്രോ, ഷോട്പുട്, ലോങ് ജംപ്, ട്രിപ്പിൾ ജംപ്, പോൾ വോൾട്ട്, സ്റ്റീപ്പിൾ ചേസിങ്, ജാവലിൻ, ഹൈജംപ്, ഫുട്ബോൾ എന്നീ മത്സരങ്ങളും ഇവിടെ നടത്താൻ കഴിയും.6 ഏക്കർ സ്ഥലത്താണു സ്റ്റേഡിയം നിർമിച്ചിരിക്കുന്നത്. ബർമുഡ ഗ്രാസ് എന്ന പച്ചപ്പുല്ലാണ് സ്റ്റേഡിയത്തിൽ നട്ടുപിടിപ്പിച്ചിട്ടുള്ളത്. കിഫ്ബി 10 കോടി രൂപയും കോടി സംസ്ഥാന സർക്കാർ 3 കോടിയും നെടുങ്കണ്ടം പഞ്ചായത്ത് ഒരു കോടിയിലധികം രൂപയും ചെലവഴിച്ചാണ് സ്റ്റേഡിയം യാഥാർഥ്യമാക്കിയത്. സംസ്ഥാനത്തെ  കായിക താരങ്ങൾക്ക് ദേശീയ നിലവാരത്തിലുള്ള പരിശീലനത്തിനു സൗകര്യമൊരുങ്ങുന്നതിനൊപ്പം സ്കൂൾ മീറ്റുകളും മറ്റു സംസ്ഥാന – ദേശീയ മത്സരങ്ങളും ഇവിടെ നടത്താൻ സാധിക്കും.

നാളെ വൈകിട്ട് 3നു നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ എം.എം.മണി എംഎൽഎ അധ്യക്ഷത വഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ കായിക പ്രതിഭകളെ ആദരിക്കും. ഡീൻ കുര്യാക്കോസ് എംപി മുഖ്യാതിഥിയാകും. സംസ്ഥാന സ്പോർട്സ് ഡയറക്ടർ രാജീവ് കുമാർ ചൗധരി റിപ്പോർട്ട് അവതരിപ്പിക്കും. 6 മുതൽ അക്രൊബാറ്റിക് ജൂഡോ ഷോയും കരാട്ടെ പ്രദർശനവും കളരിപ്പയറ്റും നടത്തും. രാത്രി 7.30നു ചങ്ങനാശേരി എസ്ബി കോളജും കോട്ടയം ബസേലിയസ് കോളജും തമ്മിലുള്ള  സൗഹൃദ ഫുട്ബോൾ മത്സരവും സ്റ്റേഡിയത്തിൽ അരങ്ങേറുമെന്ന് സംഘാടക സമിതി ജനറൽ കൺവീനർ പി.എൻ.വിജയൻ, പഞ്ചായത്ത് പ്രസിഡന്റ് ലേഖ ത്യാഗരാജൻ, പഞ്ചായത്ത്‌ സെക്രട്ടറി സുനിൽ സെബാസ്റ്റ്യൻ എന്നിവർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here