വയനാട് :വൈത്തിരി താലൂക്കിലെ അരണമല, അംബ ആദിവാസി ഗോത്രവര്‍ഗ കോളനികള്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം വിജയലക്ഷ്മിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമപ്രകാരമുള്ള അവകാശങ്ങള്‍ ഗോത്രവര്‍ഗക്കാര്‍ക്ക് ഉറപ്പുവരുത്തുകയും അവയെക്കുറിച്ച് ബോധവല്‍ക്കരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. കോളനിക്കാരുടെ പ്രശ്നങ്ങള്‍ കമ്മീഷന്‍ ചോദിച്ചറിഞ്ഞു. റേഷന്‍ കടകള്‍, അങ്കണവാടികള്‍ മുഖേന ലഭിക്കുന്ന അരി, ഗോതമ്പ്, ആട്ട, പഞ്ചസാര, അമൃതം പൊടി തുടങ്ങിയവ കോളനികളില്‍ യഥാക്രമം ലഭ്യമാകുന്നുണ്ടോ എന്ന് കമ്മീഷന്‍ പരിശോധിച്ചു. റേഷന്‍ കടകള്‍ വഴി ലഭിക്കുന്ന ഫോര്‍ട്ടിഫൈഡ് അരിയെക്കുറിച്ചുള്ള ആശങ്കകള്‍ കോളനികളില്‍ നിലനില്‍ക്കുന്നതിനാല്‍ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭക്ഷ്യ കമ്മീഷന്‍ അറിയിച്ചു. അരണമലയിലെ നിലവിലെ അങ്കന്‍വാടി വനം വകുപ്പിന്റെ കെട്ടിടത്തിലേക്ക് മാറ്റുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. പൂക്കോട് ഗവ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സന്ദര്‍ശനം നടത്തിയ കമ്മീഷന്‍ വിദ്യാര്‍ത്ഥികളോടും സ്ഥാപന അധികാരികളോടും സംവദിച്ചു. പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ ഹോസ്റ്റലുകളിലെയും സ്‌കൂളുകളിലെയും ഭക്ഷണക്രമം, ലഭ്യത എന്നിവ മനസിലാക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം നടത്തിയത്.

സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം വിജയലക്ഷ്മി, ജില്ലാ സപ്ലൈ ഓഫീസര്‍ എസ്. കണ്ണന്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ സഞ്ജയ് നാഥ്, ഭക്ഷ്യ കമ്മീഷന്‍ ഓഫീസ് സ്റ്റാഫുകളായ ഗോകുല്‍ സുരേഷ്, ഹരിപ്രിയ, റേഷന്‍ ഇന്‍സ്പെക്ടര്‍ കെ. നൗഫല്‍, കല്‍പ്പറ്റ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ രജനികാന്ത്, വനം വകുപ്പ്, പോലീസ്, വിദ്യാഭ്യാസ വകുപ്പ്, വനിതാ ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here