ശബരിമല : തീർഥാടനം ഇനി സമാപന ചടങ്ങുകളിലേക്ക്. ഭക്തർക്കുള്ള ദർശനം 3 ദിവസം കൂടി മാത്രം. 20നു രാത്രി 10ന് തീർഥാടകരുടെ ദർശനം പൂർത്തിയാകും. 21ന് രാവിലെ 6ന് നട അടയ്ക്കും. ആചാരപരമായി അന്ന് മറ്റാർക്കും ദർശനമില്ല.തീർഥാടകർക്ക് ഇന്ന് കൂടി തിരുവാഭരണം ചാർത്തിയ അയ്യപ്പനെ ദർശിക്കാം. ഉച്ചപൂജയ്ക്കും വൈകിട്ട് ദീപാരാധനയ്ക്കുമാണു തിരുവാഭരണം ചാർത്തുന്നത്. നെയ്യഭിഷേകം നാളെ പൂർത്തിയാകും.രാവിലെ 9 വരെ മാത്രമേ നെയ്യഭിഷേകം ഉണ്ടാകു. തുടർന്നു ദേവസ്വം വക കളഭാഭിഷേകം നടക്കും. പന്തളം കൊട്ടാരത്തിൽ നിന്നുള്ള പ്രതിനിധികളുടെ സാന്നിധ്യത്തിലാണു ചടങ്ങ്.മണിമണ്ഡപത്തിൽനിന്നു ശരംകുത്തിയിലേക്കുള്ള അയ്യപ്പസ്വാമിയുടെ എഴുന്നള്ളിപ്പ് നാളെ നടക്കും. അത്താഴപൂജയ്ക്കു ശേഷമാണ് തുടങ്ങുക. 3 ദിവസമായി എഴുന്നള്ളത്ത് പതിനെട്ടാംപടിക്കൽ എത്തി നായാട്ടുവിളി കഴിഞ്ഞാണു മടങ്ങിയത്. തിരുവാഭരണത്തോടൊപ്പം കൊണ്ടുവന്ന കൊടിയുടെ അകമ്പടിയോടെ ജീവതയിലാണു അയ്യപ്പൻ എഴുന്നള്ളിയത്. ഇന്നുകൂടി പതിനെട്ടാംപടി വരെയും നാളെ ശരംകുത്തിയിലേക്കുമാണ് എഴുന്നള്ളത്ത്.മണിമണ്ഡപത്തിൽ നടക്കുന്ന കളമെഴുത്തും നാളെ സമാപിക്കും.ആലങ്ങാട് സംഘത്തിന്റെ മഹാനിവേദ്യം ഇന്നലെ നടന്നു.  തന്ത്രി കണ്ഠര് മഹേഷ് മോഹനര് മഹാനിവേദ്യം അയ്യപ്പനു സമർപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here