ചാത്തന്നൂര്‍:മത്സ്യത്തൊഴിലാളികളുടെ ജീവിത സാഹചര്യം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി നിരവധി പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നതെന്ന് മന്ത്രി സജി ചെറിയാന്‍. അത്യാധുനിക സജ്ജീകരണങ്ങളോടുകൂടി നിര്‍മിക്കുന്ന ചാത്തന്നൂര്‍ മത്സ്യ മാര്‍ക്കറ്റിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തൊട്ടാകെ കിഫ്ബി ധനസഹായത്തോടെ 65 ആധുനിക മത്സ്യ മാര്‍ക്കറ്റുകള്‍ സ്ഥാപിക്കാനായി സര്‍ക്കാര്‍തത്വത്തില്‍ അംഗീകാരം നല്‍കി. ചാത്തന്നൂര്‍ നിയോജകമണ്ഡലത്തില്‍ പരവൂര്‍, പാരിപ്പള്ളി,ചാത്തന്നൂര്‍,കൊട്ടിയം എന്നിവിടങ്ങളില്‍ മത്സ്യ മാര്‍ക്കറ്റ് നിര്‍മിക്കും. 8.55 കോടി ചെലവഴിച്ച് നിര്‍മിക്കുന്ന ചില്ലക്കല്‍ ഫിഷ് ലാന്‍ഡ് സെന്ററിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങള്‍ ഉടനടി പരിഹരിക്കും. മത്സ്യത്തൊഴിലാളി കുടുംബത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെ പഠന സാഹചര്യം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കോട്ടപ്പുറം എല്‍പി സ്‌കൂള്‍ രണ്ടുകോടി രൂപ വിനിയോഗിച്ച് നവീകരിക്കും. പൂക്കുളം സുനാമി കോളനി നവീകരണത്തിനായി 1.60 കോടി രൂപ അനുവദിച്ചു. പുനര്‍ഗേഹം, ലൈഫ്,സുനാമി കോളനി തുടങ്ങിയ വിവിധ പാര്‍പ്പിട പദ്ധതികളിലൂടെ അനവധി കുടുംബങ്ങള്‍ക്ക് കിടപ്പാടം ഒരുക്കാന്‍ സര്‍ക്കാരിനായി.മത്സ്യസമ്പദ് വര്‍ധനവിലൂടെ മത്സ്യത്തൊഴിലാളികളുടെ വരുമാനം ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെ കടലില്‍ കൃത്രിമ പാരുകള്‍ നിക്ഷേപിക്കുന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.തീരസംരക്ഷണത്തിനായി നൂതന പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നതെന്നും മന്ത്രി പറഞ്ഞു.

ഗുണമേന്മയുള്ള മത്സ്യം ശുചിത്വമുള്ള പശ്ചാത്തലത്തില്‍ ന്യായമായ വിലയ്ക്ക് ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുക,മത്സ്യത്തൊഴിലാളികളുടെ വരുമാനം വര്‍ദ്ധിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ 5.28 കോടി രൂപ വിനിയോഗിച്ചാണ് അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ ചാത്തന്നൂര്‍ മത്സ്യ മാര്‍ക്കറ്റ് നിര്‍മ്മിക്കുന്നത്.1482.11 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ മൂന്ന് നിലകളായി നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ മത്സ്യവിപണന ഔട്ട്‌ലറ്റ്‌ലെറ്റുകള്‍, ഇറച്ചിക്കടകള്‍, ലേലഹാള്‍, പച്ചക്കറി കടകള്‍, ഫ്രീസര്‍ മുറി, പ്രിപ്പറേഷന്‍ മുറി, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യം, വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം തുടങ്ങിയ സജീകരണങ്ങള്‍ ഒരുക്കും.

ജി എസ് ജയലാല്‍ എംഎല്‍എ അധ്യക്ഷനായി.ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ദിജു,സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ പി ഐ ഷെയ്ക് പരീത്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരിഷ്, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീകുമാര്‍,സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ഇ കെന്നഡി,ചീഫ് എഞ്ചിനീയര്‍ ടി വി ബാലകൃഷ്ണന്‍,ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ് പ്രിന്‍സ്, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിര്‍മ്മല വര്‍ഗീസ്, സ്ഥിര സമിതി അധ്യക്ഷന്‍ എന്‍ ശര്‍മ്മ, ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷരായ ആര്‍ സജീവ് കുമാര്‍,ആര്‍ അമല്‍ ചന്ദ്രന്‍,ഷൈനി ജോയി, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here