തിരുവനന്തപുരം : കേരളത്തിന് ആവശ്യമായ അരി, മുളക് എന്നിവ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നത് സംബന്ധിച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ തെലങ്കാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ഉത്തംകുമാർ റെഡ്ഡിയുമായി ഹൈദരാബാദിൽ ചർച്ച നടത്തി. ചർച്ചയിൽ കേരളത്തിന് പ്രിയപ്പെട്ട ഇനം അരിയും മുളകും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാൻ തെലങ്കാന സർക്കാർ തയ്യാറാണെന്ന് അറിയിച്ചു. വില സംബന്ധിച്ച അന്തിമതീരുമാനം വരും ദിവസങ്ങളിൽ സപ്ലൈകോ ഉദ്യോഗസ്ഥരും തെലുങ്കാന ഭക്ഷ്യ വകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ നടക്കുന്ന ചർച്ചയിലൂടെ തീരുമാനിക്കുമെന്നും അരിയുടേയും മുളകിന്റേയും ഗുണനിലവാരം ഉറപ്പുവരുത്തിയായിരിക്കും തുടർ നടപടികളെന്നും മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. കേരളത്തിൽ അരി വിലയിൽ വർദ്ധനവ് തടയുന്നതിന് ഇതുവഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചർച്ചയിൽ സിവിൽ സപ്ലൈസ് കമ്മീഷണർ ഡോ. ഡി. സജിത് ബാബു, തെലങ്കാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് കമ്മീഷണർ ആൻഡ് പ്രിൻസിപ്പൽ സെക്രട്ടറി ഡി.എസ്. ചൗഹാൻ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here