ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം മണിപ്പൂരില്‍ ആരംഭിച്ചു. തോബലില്‍ നിന്നാണ് യാത്ര ആരംഭിച്ചിരിക്കുന്നത്.

വൈകിട്ട് 3.44ന് കോംഗ്‌ജോം യുദ്ധ സ്മാരകത്തില്‍ നിന്നാണ് യാത്രയ്ക്ക് തുടക്കമായത്. മണിപ്പൂരില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കലാപത്തിന്റെ പശ്ചാത്തലത്തില്‍ ജോഡോ യാത്ര ഏറെ നിര്‍ണായകമാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഏറെ നിര്‍ണായകമാണ് രാഹുല്‍ ഗാന്ധിയുടെ ഈ യാത്ര. ജനങ്ങളിലേക്ക് ആഴത്തില്‍ ഇറങ്ങി ചെല്ലാന്‍ ഈ യാത്ര സഹായിക്കുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. ആദ്യ യാത്രയില്‍ ജനം ഒഴുകിയെത്തിയെങ്കിലും രാഹുലിനോ കോണ്‍ഗ്രസിനോ രാഷ്ട്രീയ നേട്ടങ്ങളൊന്നും ലഭിച്ചിരുന്നില്ല.

15 സംസ്ഥാനങ്ങളിലായി നൂറ് ലോക്‌സഭാ മണ്ഡലങ്ങളിലൂടെയാണ് ഈ യാത്ര കടന്നുപോവുക. മുംബൈയില്‍ മാര്‍ച്ച്‌ ഇരുപതിനോ 21നോ ആയിരിക്കും യാത്രയുടെ സമാപനം. മണിപ്പൂരിനെ കൂടാതെ നാല് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൂടെയും യാത്ര കടന്നുപോകും. നാഗാലാന്‍ഡ്, അരുണാചല്‍പ്രദേശ്, മേഘാലയ, അസം എന്നിവിടങ്ങളില്‍ എത്ര ദിവസം ഉണ്ടാവുമെന്നും നേരത്തെ കോണ്‍ഗ്രസ് അറിയിച്ചതാണ്.

നാഗാലാന്‍ഡില്‍ രണ്ട് ദിവസം കൊണ്ട് 257 കിലോമീറ്റര്‍ യാത്രപിന്നിടും. അരുണാചലില്‍ 55 കിലോമീറ്റര്‍ ഒരു ദിവസം കൊണ്ടും, മേഘാലയയില്‍ അഞ്ച് കിലോമീറ്റര്‍ ഒരു ദിവസം കൊണ്ടും, അസമില്‍ 833 കിലോമീറ്റര്‍ എട്ട് ദിവസം കൊണ്ടും യാത്ര താണ്ടും. അതിന് ശേഷം പശ്ചിമ ബംഗാള്‍, ബീഹാര്‍, ജാര്‍ഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും യാത്രയെത്തും

.പ്രത്യയശാസ്ത്രപരമായ യാത്രയാണ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര. അല്ലാതെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളതല്ലെന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ പത്ത് വര്‍ഷത്തെ അന്യായ ഭരണത്തിനെതിരെയുള്ള പ്രതിഷേധമാണ് ഈ യാത്രയെന്നും കോണ്‍ഗ്രസ് പറയുന്നു.

രാജ്യത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം, ഏകാധിപത്യത്തിനും ഇടുങ്ങിയ ചിന്താഗതിയും വെച്ചുപുലര്‍ത്തുന്ന ഒരു പ്രത്യയശാസ്ത്രമാണെന്ന് കോണ്‍ഗ്രസ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. അമൃതകാലം എന്ന സുവര്‍ണ സ്വപ്‌നങ്ങളാണ് പ്രധാനമന്ത്രി വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ യാഥാര്‍ഥ്യമെന്തെന്നാല്‍, കഴിഞ്ഞ പത്ത് വര്‍ഷം അന്യായകാലമായിരുന്നുവെന്നും ജയറാം രമേശ് പറഞ്ഞു.

പാര്‍ലമെന്റില്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള അവസരം മോദി സര്‍ക്കാര്‍ ഇല്ലാതാക്കി. അതുകൊണ്ടാണ് ഈ യാത്ര ആരംഭിച്ചത്. നീതി, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ ഭരണഘടനാ മൂല്യങ്ങളെ പുനസ്ഥാപിക്കാനാണ് ഈ യാത്രയിലൂടെ ശ്രമിക്കുകയെന്നും കോണ്‍ഗ്രസ് പറഞ്ഞു. ബിജെപി രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിന് പ്രാധാന്യം നല്‍കുമ്ബോഴാണ് കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്രയിലേക്ക് ശ്രദ്ധ തിരിച്ചിരിക്കുന്നത്. കൂടുതല്‍ ജനപിന്തുണ ഇക്കാര്യത്തില്‍ കിട്ടുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here