പൊതുജനങ്ങള്‍ക്ക് അതിവേഗം സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കി സ്മാര്‍ട്ടാവുകയാണ് നഗരസഭകള്‍. വയനാട് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ ഫയല്‍ രഹിത സേവനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി കെ-സ്മാര്‍ട്ട് ഡിജിറ്റലൈസ് സംവിധാനം ജില്ലയിലെ മൂന്ന് നഗരസഭയിലും പൂര്‍ത്തിയായി. തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന നല്‍കുന്ന സേവനങ്ങളെ 35 മോഡ്യൂളുകളായി തിരിച്ച് ഒറ്റ പ്ലാറ്റ്ഫോമിലൂടെ ഓണ്‍ലൈനായി ലഭ്യമാക്കുന്നതാണ് കെ-സ്മാര്‍ട്ട് പദ്ധതി. പ്രവാസികള്‍ ഉള്‍പ്പടെ 24 പേരുടെ വിവാഹ രജിസ്‌ട്രേഷനുകളാണ് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നടന്നത്. മാനന്തവാടി- 9, കല്‍പ്പറ്റ- 7, സുല്‍ത്താന്‍ ബത്തേരി- 8 വിവാഹ രജിസ്‌ട്രേഷനുകളാണ് ചെയ്തത്. വിദേശത്ത് നിന്നും ലോഗിന്‍ ഐ.ഡി. ഉപയോഗിച്ച് കെ.വൈ.സി. വെരിഫിക്കേഷനിലൂടെ വിവാഹ രജിസ്ട്രേഷന്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ എളുപ്പത്തിൽ ചെയ്യാം. ഓഫീസുകളില്‍ എത്താതെ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള സേവനങ്ങൾ സമയബന്ധിതമായി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ആദ്യ ഘട്ടത്തില്‍ ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍, ബിസിനസ് ഫെസിലിറ്റേഷന്‍, വസ്തു നികുതി, യൂസര്‍ മാനേജ്മെന്റ്, ഫയല്‍ മാനേജ്മെന്റ് സിസ്റ്റം, ഫിനാന്‍സ് മോഡ്യൂള്‍, ബില്‍ഡിംഗ് പെര്‍മിഷന്‍ മൊഡ്യൂള്‍, പൊതുജന പരാതി പരിഹാരം എന്നീ എട്ട് സേവനങ്ങളാണ് കെ-സ്മാര്‍ട്ടിലൂടെ ലഭ്യമാവുക. പ്രവാസികള്‍ക്ക് നേരിട്ടെത്താതെ അതത് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള സേവനങ്ങള്‍ ലഭ്യമാവും.

ഏപ്രില്‍ ഒന്നോടെ കെ-സ്മാര്‍ട്ട് സംവിധാനം ഗ്രാമപഞ്ചായത്ത് തലത്തിലേക്കും വ്യാപിപ്പിക്കും. ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് കെ-സ്മാര്‍ട്ട് വികസിപ്പിച്ചത്. കെ-സ്മാര്‍ട്ട് ആപ്ലിക്കേഷനിലൂടെ സേവനങ്ങള്‍ക്കുള്ള അപേക്ഷകളും പരാതികളും ഓണ്‍ലൈനായി നല്‍കാനും അപേക്ഷകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഓണ്‍ലൈനായി അറിയാനും സാധിക്കും. അപേക്ഷയുടെ കൈപ്പറ്റ് രസീത് പരാതിക്കാരന്റെ/അപേക്ഷകന്റെ ലോഗിനിലും വാട്സ്ആപ്പ്, ഇ-മെയില്‍ എന്നിവയില്‍ ലഭ്യമാകുന്ന ഇന്റഗ്രേറ്റഡ് മെസേജിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ജി.ഐ.എസ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്ലോട്ടുകളുടെയും കെട്ടിടങ്ങളിലെയും വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ തയ്യാറാക്കുന്നതിലൂടെ വേഗത്തില്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നു. കെ-സ്മാര്‍ട്ടിലെ ‘നോ യുവര്‍ ലാന്‍ഡ്’ എന്ന ഫീച്ചറിലൂടെ ഒരു സ്ഥലത്ത് ഏതെല്ലാം തരത്തിലുള്ള കെട്ടിടങ്ങളാണ് നിര്‍മ്മിക്കാന്‍ കഴിയുക എന്ന വിവരവും പൊതുജനങ്ങള്‍ക്ക് അറിയാം.

LEAVE A REPLY

Please enter your comment!
Please enter your name here