തിരുവനന്തപുരം : ശബരിമല ഗ്രീൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവള നടത്തിപ്പിന് ഒരു കമ്പനി (എസ്.പി.വി) രൂപീകരിക്കുന്നതിന് നടപടികൾ തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. പദ്ധതിയുടെ ഡി.പി.ആർ തയാറാക്കുന്നതിനുള്ള ഏജൻസിയെ തിരഞ്ഞെടിക്കുന്നതിന് ടെൻഡർ ക്ഷണിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഡി.പി.ആർ തയാറാക്കുന്ന മുറക്ക് മാത്രമേ ഡിസൈൻ, അലൈൻന്മെന്റ് എന്നിവയിൽ തീരുമാനമെടുക്കാൻ കഴിയൂ.

വിമാനത്താവള പദ്ധതിക്ക് സാങ്കേതിക സാമ്പത്തിക സാധ്യതാ പഠന തയാറാക്കി. ഇത് പരിഗണിച്ചാണ് പദ്ധതിക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം “സൈറ്റ് ക്ലിയറൻസ്” അനുമതി നല്കിയത്.കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ ഡിഫൻസ് ക്ലിയറൻസും ലഭിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സെക്യൂരിറ്റി ക്ലിയറൻസ് ഉടൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഇതിനുള്ള അപേക്ഷ ഒക്ടോബർ 2023-ൽ തന്നെ ഓൺലൈൻ ആയി സമർപ്പിച്ചു.

ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനുവേണ്ടി ഭൂമി ഏറ്റെടുക്കൽ നടപടി ആരംഭിച്ചു. കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിലെ എരുമേലി സൗത്ത്, മണിമല എന്നീ വില്ലേജുകളിലായി സ്ഥിതിചെയ്യുന്ന ഏകദേശം 2570 ഏക്കർ ഭൂമി ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്റെ നിർമാണത്തിന് ഏറ്റെടുക്കാൻ തീരുമാനിച്ചു.

സാമൂഹിക ആഘാത വിലയിരുത്തൽ പഠനം നടത്തിയ തിരുവനന്തപുരത്തെ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെൻറ് അന്തിമ റിപ്പോർട്ട് 2023 ജൂൺ 30 ന് സമർപ്പിച്ചു. അത് വിലയിരുത്തി ശുപാർശ സമർപ്പിക്കുന്നതിന് ഏഴംഗ വിദഗ്‌ധ സമിതിയെ നിയോഗിച്ചിരുന്നു.ഈ സമിതി സാമൂഹിക ആഘാത പഠന റിപ്പോർട്ട് വിലയിരുത്തുകയും പദ്ധതി പൊതു ആവശ്യം മുൻനിർത്തിയുള്ളതാണെന്നും, പദ്ധതി മൂലം സൃഷ്ടിക്കപ്പെടുന്ന സാമൂഹിക-സാമ്പത്തിക വികസനം പദ്ധതി വന്നാലുണ്ടായേക്കാവുന്ന സാമൂഹിക പ്രത്യാഘാതങ്ങളേക്കാളും കൂടുതലാണെന്നും കണ്ടെത്തി. 2570 ഏക്കർ ഭൂമി അന്താരാഷ്ട്ര വിമാനത്താവളത്തിന് ആവശ്യമായ ഏറ്റവും കുറഞ്ഞ വിസ്തൃതിയാണെന്നും വിലയിരുത്തിയാണ് ശുപാർശ സമർപ്പിച്ചത്. ഭൂമിയേറ്റെടുക്കൽ നടപടികളുമായി മുന്നോട്ട് പോകുന്നതിന് അനുമതി നൽകി.

പദ്ധതിക്ക് ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന ഭൂമിയിൽ പൊന്തൻപുഴ വനമേഖലയോ മറ്റേതെങ്കിലും വനമേഖലയോ ഉൾപ്പെടുന്നില്ലെന്നും ഡോ.എൻ. ജയരാജ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ, പ്രമോദ് നാരായണൻ, ജോബ് മൈക്കിൾ എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here