സംസ്ഥാനത്ത് വയോജന കമ്മീഷൻ യാഥാർഥ്യമാക്കുക എന്ന ലക്ഷ്യത്തിലേക്ക് സർക്കാർ അടുക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. അതുമായി ബന്ധപ്പെട്ട നിയമനിർമാണം ഉടൻ പൂർത്തിയാക്കാനുള്ള നടപടിക്രമങ്ങളിലാണ് സാമൂഹ്യനീതി വകുപ്പെന്നും മന്ത്രി വ്യക്തമാക്കി. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവത്ക്കരണ ദിനാചരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗവ.വിമൺസ് കോളേജിൽ നിർവ്വഹിക്കുകയായിരുന്നു മന്ത്രി.          സമൂഹത്തിൽ വയോജന മന്ദിരങ്ങൾ പെരുകിവരുന്ന കാലമാണിത്. വരും തലമുറയ്ക്ക്  സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും വൈകാരിക സുരക്ഷയുടെ സംരക്ഷണ കവചം ഒരുക്കിക്കൊണ്ട് സമൂഹത്തിന്റെ മുന്നോട്ടുപോക്കിന് നല്ല സംഭാവനകൾ ചെയ്യാൻ കഴിയുന്നവരാണ്  വയോജനങ്ങൾ. വയോജനങ്ങളുടെ അനുഭവസമ്പത്ത് മികച്ച നിലയിൽ പ്രയോജനപ്പെടുത്താൻ നമ്മുടെ സമൂഹത്തിന് കഴിയേണ്ടതുണ്ട്. വയോജനങ്ങളും വരുംതലമുറകളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്ന  തരത്തിൽ യോജിച്ചുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ നമുക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു.          മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള പ്രതിജ്ഞ മന്ത്രി ചൊല്ലിക്കൊടുത്തു. ആന്റണി രാജു എം.എൽ.എ. അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, സാമൂഹ്യ നീതി വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ, ഡയറക്ടർ എച്ച്. ദിനേശൻ, പ്ലാനിങ് ബോർഡ് അംഗം പ്രൊഫ. മിനി സുകുമാർ, ജി.എസ്. പ്രദീപ്, കൗൺസിലർ രാഖി രവികുമാർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് മുതിർന്ന പൗരന്മാർ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.

LEAVE A REPLY

Please enter your comment!
Please enter your name here