തിരുവനന്തപുരം: മോട്ടോര്‍വാഹന വകുപ്പും, പോലീസും വാഹന ഉടമകള്‍ക്ക് ചുമത്തുന്ന പിഴത്തുക അടയ്ക്കാന്‍ ഒ.ടി.പി. നിര്‍ബന്ധമാക്കി. പരിവഹന്‍ സൈറ്റില്‍ രജിസ്റ്റര്‍ചെയ്ത ഫോണ്‍ നമ്പരല്ലെങ്കില്‍ വാഹന ഉടമകള്‍ക്ക് ഈ പിഴത്തുക അടയ്ക്കാനാകുന്നില്ല. ദിവസേന ആയിരക്കണക്കിനാളുകള്‍ക്കാണ് പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കുന്നത്.അവരില്‍ വലിയൊരു വിഭാഗത്തിനും സൈറ്റില്‍ ശരിയായ ഫോണ്‍നമ്പര്‍ ഇല്ല. പലരും ഇപ്പോള്‍ മറ്റ് നമ്പരുകളാകും ഉപയോഗിക്കുക. ഇവര്‍ക്കൊന്നും പിഴ അടയ്ക്കാന്‍ കഴിയുന്നില്ല.ഒട്ടുമിക്ക വാഹന ഉടമകളുടെയും പക്കല്‍ പരിവഹന്‍ സൈറ്റില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് നല്‍കിയ ഫോണ്‍നമ്പര്‍ കാണില്ല. ചിലര്‍ പുതിയ നമ്പര്‍ ആധാര്‍കാര്‍ഡുമായിപ്പോലും ബന്ധിപ്പിച്ചുകഴിഞ്ഞു. ഒ.ടി.പി.ലഭിക്കാതെ വന്നാല്‍ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസില്‍ നേരിട്ടെത്തിയെങ്കിലേ പണമടയ്ക്കാന്‍ കഴിയൂ.

പിഴ അടയ്ക്കാന്‍ വൈകിയാല്‍ കോടതി നടപടികളിലേക്ക് നീങ്ങും. പരിവഹന്‍ സൈറ്റില്‍ പിഴകിട്ടുന്ന വാഹനഉടമകള്‍ക്ക്, ഫോണ്‍ നമ്പര്‍ മാറ്റി നല്‍കാനുള്ള ക്രമീകരണമുണ്ടായാല്‍ പ്രശ്നം പരിഹരിക്കാം. പിഴയടയ്ക്കാന്‍ നോട്ടീസ് ലഭിക്കുന്നവര്‍ ചെലാന്‍ നമ്പരോ, വാഹന നമ്പരോ നല്‍കിയാല്‍ വാഹന്‍ സൈറ്റിലെ പഴയ നമ്പരിലേക്ക് സ്വമേധയാ പാസ്വേര്‍ഡ് പോകുകയാണിപ്പോള്‍.അടുത്തിടെയാണ് പിഴ അടയ്ക്കുന്നതില്‍ ഈ മാറ്റം വരുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here