എരുമേലി : എരുമേലി ഗ്രാമപഞ്ചായത്തിലെ തുമരംപാറയിൽ സ്ഥിതി ചെയ്യുന്ന  ഗവൺമെന്റ് ട്രൈബൽ എൽ.പി സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് ഒരുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. പട്ടികജാതി- പട്ടികവർഗ്ഗ ജനവിഭാഗങ്ങളും തൊഴിലാളികളും മറ്റും തിങ്ങിപ്പാർക്കുന്ന പിന്നോക്ക പ്രദേശമായ തുമരംപാറയിൽ  സ്ഥിതിചെയ്യുന്ന ഈ ട്രൈബൽ എൽ.പി സ്കൂൾ സ്ഥാപിച്ചിട്ട് 76 വർഷം പിന്നിട്ടു. നിലവിൽ രണ്ട് കെട്ടിടങ്ങളാണ് സ്കൂളനുള്ളത്. ഇതിൽ ഒരു കെട്ടിടം അൺഫിറ്റ് ആയതിനാൽ ക്ലാസുകൾ പ്രവർത്തിക്കുന്നതിന് കഴിയുന്നില്ല. അവശേഷിക്കുന്ന കെട്ടിടവും 40 വർഷത്തിനുമേൽ പഴക്കമുള്ളതും ജർണാവസ്ഥയിൽ ആയതുമാണ്.  പ്രസ്തുത കെട്ടിടത്തിൽ വളരെ ബുദ്ധിമുട്ടിയാണ് നൂറോളം കുട്ടികൾ പഠിക്കുന്ന സ്കൂൾ പ്രവർത്തിക്കുന്നത്. ഓഫീസ് സൗകര്യവും പരിമിതമാണ്.  സ്കൂൾ പ്രവർത്തിക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി പിടിഎ നിവേദനം സമർപ്പിച്ചതിനെ തുടർന്നാണ് പുതിയ സ്കൂൾ കെട്ടിട നിർമ്മാണത്തിന് ഒരുകോടി രൂപ ഫണ്ട് അനുവദിച്ചത് എന്നും എംഎൽഎ അറിയിച്ചു.   ഒരേക്കറോളം സ്ഥലസൗകര്യമുള്ള സ്കൂളിന് സ്മാർട്ട് ക്ലാസ് റൂമുകളും ഓഫീസ് റൂം, സ്റ്റാഫ് റൂം ഉൾപ്പെടെ എല്ലാവിധ സൗകര്യങ്ങളോടും കൂടി  പുതിയ കെട്ടിടം പരമാവധി വേഗത്തിൽ  നിർമ്മിക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here