വാരാണസി : കോടതിയുത്തരവിനു പിന്നാലെ ജ്ഞാൻവാപി പള്ളിയിൽ  ആരാധന നടത്തി ഹിന്ദു വിഭാ​ഗം. ഇന്നലെയാണ് ജ്ഞാൻവാപി പള്ളി ബേസ്‌മെന്റിലെ നാല്‌ നിലവറകളിൽ ഒന്നായ ‘വ്യാസ്‌ ജി കാ തെഹ്‌ഖാനാ’യിൽ (വ്യാസന്റെ നിലവറ) പൂജകൾ നടത്താൻ വാരാണസി ജില്ലാക്കോടതി അനുമതി നൽകിയത്. പൂജകൾ നടത്താൻ ഏഴ്‌ ദിവസത്തിനുള്ളിൽ ജില്ലാഅധികൃതർ സൗകര്യങ്ങൾ ഒരുക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് മസ്ജിദിൽ പൂജ നടത്തിയത്.  കാശി വിശ്വനാഥ്‌ ക്ഷേത്രം ട്രസ്‌റ്റ്‌ ബോർഡ്‌ നിയോ​ഗിച്ച പൂജാരിയാണ്‌ പൂജ നടത്തിയത്.

നിലവിൽ ആരാധനയ്ക്ക് അനുമതി നൽകിയ നിലവറ സോംനാഥ്‌വ്യാസിന്റെ കുടുംബത്തിന്റെ പക്കലായിരുന്നുവെന്നും 1993 നവംബർ വരെ അവിടെ ശൃംഗാർ ഗൗരി ഉൾപ്പടെയുള്ള വിഗ്രഹങ്ങൾക്ക്‌ പൂജകൾ നടത്തിയിരുന്നുവെന്നും അവകാശപ്പെട്ട്‌ സോംനാഥ്‌വ്യാസിന്റെ പൗത്രനും ആചാര്യ വേദവ്യാസപീഠ്‌ ക്ഷേത്രം മുഖ്യപുരോഹിതനുമായ ശൈലേന്ദ്രകുമാർ പഥക്‌ വ്യാസാണ്‌ ജില്ലാക്കോടതിയെ സമീപിച്ചത്‌. പരമ്പരപ്രകാരമുള്ള പൂജാരിയെന്ന നിലയ്‌ക്ക്‌ തനിക്ക്‌ നിലവറയിൽ പ്രവേശിക്കാനും പൂജകൾ നടത്താനുമുള്ള അവകാശം പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹർജി പരിഗണിച്ച ജില്ലാക്കോടതി ഈമാസം 17ന്‌ വാരാണസി ജില്ലാമജിസ്‌ട്രേറ്റിനെ നിലവറയുടെ റിസീവറായി ചുമതലപ്പെടുത്തി. ഈ നിലവറ അന്യായക്കാരനായ ശൈലേന്ദ്രകുമാർപഥക്കിനും കാശി വിശ്വനാഥ്‌ ക്ഷേത്രം ട്രസ്‌റ്റ്‌ ബോർഡ്‌ പൂജാരിക്കും കൈമാറണമെന്നാണ്‌ വാരാണസി ജില്ലാക്കോടതി ബുധനാഴ്‌ച്ച പുറപ്പെടുവിച്ച ഉത്തരവിലെ നിർദേശം. ബേസ്‌മെന്റിലെ വിഗ്രഹങ്ങൾക്ക്‌ പൂജയും മറ്റും നടത്തണം. ഈ കാര്യങ്ങൾക്ക്‌ വേണ്ടി ഇരുമ്പ്‌ വേലി കെട്ടുന്നത്‌ ഉൾപ്പടെയുള്ള സജ്ജീകരണങ്ങൾ ഒരാഴ്‌ച്ചയ്‌ക്കുള്ളിൽ ചെയ്യണമെന്നും ജില്ലാക്കോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here