ചെങ്ങളം: റബര്‍ കൃഷിയിലേര്‍പ്പെട്ടിരിക്കുന്ന കുടുംബങ്ങളുടെ രക്ഷയ്ക്കായി റബറിന് ഉല്‍പ്പാദനച്ചിലവിന്റെ അടിസ്ഥാനത്തിലല്ല, ജീവിതച്ചിലവ് സൂചികയുടെ അടിസ്ഥാനത്തില്‍ (കോസ്റ്റ് ഓഫ് ലിവിംഗ് ഇന്‍ഡക്‌സ്) താങ്ങുവില പ്രഖ്യാപിക്കണമെന്ന് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍. ഇന്‍ഫാം പൊന്‍കുന്നം കാര്‍ഷിക താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഉദ്യോഗസ്ഥര്‍ക്ക് അവരുടെ വേതനം ദീര്‍ഘകാല ഏകവരുമാനം ആയിരിക്കുന്നതു പരിഗണിച്ച് ശമ്പളം കോസ്റ്റ് ഓഫ് ലിവിംഗ് ഇന്‍ഡക്സ് അടിസ്ഥാനത്തിലാണ് നിര്‍ണയിക്കുന്നത്. ഇതുപോലെ റബര്‍ കൃഷി ദീര്‍ഘകാലവിളയും ഏകവിളയുമായിരിക്കുന്നതിനാല്‍ റബറിന് ഉല്‍പ്പാദനച്ചിലവിന്റെ അടിസ്ഥാനത്തിലല്ല, ജീവിതച്ചിലവിന്റെ അടിസ്ഥാനത്തിലാണ് താങ്ങുവില പ്രഖ്യാപിക്കേണ്ടത്. ഒരേക്കര്‍ റബറുള്ള കര്‍ഷകന് ആകെ കിട്ടാവുന്ന വാര്‍ഷിക വരുമാനം ഏറിയാല്‍ 80,000 രൂപയാണ്. അതില്‍നിന്ന് ഉല്‍പ്പാദനച്ചിലവ് കുറച്ചാല്‍ മുപ്പതിനായിരം രൂപ പോലും ലഭ്യമാവുകയില്ല. ഇങ്ങനെ കണക്കാക്കിയാല്‍ നാലോ അഞ്ചോ പേരടങ്ങുന്ന ഒരു കുടുംബത്തിന് 2500 രൂപ മാസവരുമാനം കൊണ്ട് ജീവിക്കാനാവില്ലെന്നും ഫാ. തോമസ് മറ്റമുണ്ടയില്‍ കൂട്ടിച്ചേര്‍ത്തു.
ഫാ. ജസ്റ്റിന്‍ മതിയത്ത് അധ്യക്ഷതവഹിച്ച യോഗത്തില്‍ മോണ്‍. ജോര്‍ജ് ആലുങ്കല്‍, ഫാ. ആല്‍ബില്‍ പുല്‍ത്തകിടിയേല്‍, ജെയ്‌സണ്‍ ചെംബ്ലായില്‍, നെല്‍വിന്‍ സി. ജോയ്, തോമസ് തുപ്പലഞ്ഞിയില്‍, അജി ചെങ്ങളത്ത്, എബ്രഹാം പാമ്പാടിയില്‍, മാത്യു പുതുപ്പള്ളി, ആന്റണി തോമസ് പഴയവീട്ടില്‍, ഗ്രാമസമിതി പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here