തിരുവനന്തപുരം: എറണാകുളം, വയനാട് ജില്ലകളിൽ നടപ്പാക്കുന്ന ജീവിതശൈലീ രോഗ നിയന്ത്രണ പ്രവർത്തനങ്ങളെയും സാന്ത്വന പരിചരണ പ്രവർത്തനങ്ങളെയും സംഘം പ്രകീർത്തിച്ചു. കഴിഞ്ഞ 15 മുതൽ 20 വരെ എറണാകുളം, വയനാട് ജില്ലകളിൽ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽനിന്നുള്ള ജോയിന്റ് സപ്പോർട്ടീവ് സൂപ്പർ വിഷൻ ആൻഡ്‌ മോണിറ്ററിങ് (ജെഎസ്എസ്എം) ടീം സന്ദർശിച്ചിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തിയത്.എറണാകുളത്ത് നടത്തിയ എക്‌സിറ്റ് മീറ്റിങ്ങിൽ എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ മുമ്പാകെ സംഘം റിപ്പോർട്ട് അവതരിപ്പിച്ചു. കേരളത്തിന്റെ ആരോഗ്യനേട്ടങ്ങൾ വേണ്ട വിധത്തിൽ ഡോക്യുമെന്റഷൻ നടത്തണമെന്ന നിർദേശം സംഘം മുന്നോട്ട് വച്ചു.എറണാകുളം ജനറൽ ആശുപത്രി, രാമമംഗലം സാമൂഹികാരോഗ്യകേന്ദ്രം, മണീട് കുടുംബാരോഗ്യകേന്ദ്രം, ആലുവ ജില്ലാ ആശുപത്രി, ജനകീയാരോഗ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളാണ്‌ സന്ദർശിച്ചത്‌. ഇവിടത്തെ അടിസ്ഥാന സൗകര്യങ്ങളും ഭൗതിക സാഹചര്യങ്ങളും രാജ്യത്തൊരിടത്തും നിലവിലില്ലെന്ന് സംഘം അഭിപ്രായപ്പെട്ടു. വയനാട് സിഎച്ച്സി അമ്പലവയൽ, ബത്തേരി താലൂക്കാശുപത്രി, ട്രൈബൽ ആശുപത്രി നല്ലൂർനാട്, എഫ്എച്ച്സി നൂൽപ്പുഴ, എഫ്എച്ച്സി പൊഴുതന എന്നീ ആരോഗ്യകേന്ദ്രങ്ങളും സന്ദർശിച്ചു. ആസ്പിറേഷൻ ജില്ലയായ വയനാട്ടിലെ ആരോഗ്യപ്രവർത്തനങ്ങളിൽ അതീവ സന്തുഷ്ടി രേഖപ്പെടുത്തി. നല്ലൂർനാട് എഫ്എച്ച്സിയിലെ ഫിസിയോതെറാപ്പി സെന്റർ, ജിംനേഷ്യം, പാലിയേറ്റീവ് കെയർ സേവനങ്ങൾ എന്നിവ ലോകോത്തര മാതൃകയാണ്. എല്ലാ ജില്ലകളിലെയും ജനകീയ പങ്കാളിത്തം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ചും സംഘം പരാമർശിച്ചു. വാഴക്കാട് എഫ്എച്ച്സിയിലെയും പൊഴുതന എഫ്എച്ച്സിയിലെയും കാലാവസ്ഥ സൗഹൃദ ആശുപത്രി നിർമാണത്തെയും പ്രവർത്തനത്തെയും പ്രത്യേകം അഭിനന്ദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here