ഇ.എസ്.ഐ. സ്ഥാപനങ്ങൾ കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളാണു സംസ്ഥാന സർക്കാർ നടത്തുന്നതെന്നു പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. 2022ലെ മികച്ച ഇ.എസ്.ഐ. സ്ഥാപനങ്ങൾക്കുള്ള പുരസ്‌കാരങ്ങൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിലാളി ക്ഷേമം മുൻനിർത്തി സാമൂഹ്യ സുരക്ഷിതത്വം ഉറപ്പു വരുത്താനാണു സംസ്ഥാനത്തെ ഇൻഷ്വറൻസ് വകുപ്പും അതിനു കീഴിൽ ഇ.എസ്.ഐ. ആശുപത്രികളും ഡിസ്‌പെൻസറികളും പ്രവർത്തിക്കുന്നതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. തുടക്കത്തിൽ കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ മാത്രമായിരുന്ന ഇ.എസ്.ഐ. ഇന്നു സംസ്ഥാനത്താകമാനം 10 ലക്ഷത്തിലധികം വരുന്ന ഇൻഷൂർ ചെയ്ത തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ 30 ലക്ഷം ഗുണഭോക്താക്കളുടെ ക്ഷേമം ഉറപ്പു വരുത്തുന്ന കേന്ദ്രങ്ങളായി മാറി. കോവിഡിനു ശേഷം എല്ലാ മേഖലകളെയും ബാധിച്ച സാമ്പത്തിക പ്രതിസന്ധി ഇ.എസ്.ഐ. വകുപ്പിനെയും ബാധിച്ചിരുന്നു. എന്നാൽ ഈ സർക്കാർ അധികാരമേറ്റ ശേഷം പേരൂർക്കട, വടവാതൂർ, ആലപ്പുഴ, എറണാകുളം, ഒളരിക്കര, ഫറോക്ക് എന്നീ ആറ് ആശുപത്രികളിൽ പോസ്റ്റ് ഓപ്പറേറ്റീവ് ഐ.സി. യൂണിറ്റുകളും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി 24 നഴ്‌സിംഗ് ഓഫീസർമാരെയും നിയമിച്ചു. മുളങ്കുന്നത്തുകാവിൽ ഡയാലിസിസ് യൂണിറ്റും ടെക്‌നീഷ്യൻമാരെയും നിയമിച്ചു. മൂന്നാറിൽ പുതിയ ഡിസ്‌പെൻസറിയും പുതിയ തസ്തികകളും കൊണ്ടു വന്നതായും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി സൗരഭ് ജെയിൻ, ഇൻഷ്വറൻസ് സർവീസസ് വകുപ്പ് ഡയറക്ടർ ഡോ. എസ്. മാലിനി, ഇ.എ്സ്.ഐ. കോർപ്പറേഷൻ റീജിയണൽ ബോർഡ് അംഗങ്ങളായ എൻ. പത്മലോചനൻ, എം.എ. അബ്ദുറഹിമാൻ, റീജിയണൽ ഡയറക്ടർ എസ്. ശങ്കർ, ഡെപ്യൂട്ടി ഡയറക്ടർ കെ.പി. ജോസ്, വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ. എസ്. രാജീവ് തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here