ന്യൂ ഡൽഹി: ജനുവരി 27, 2024
സുപ്രീം കോടതിയുടെ വജ്രജൂബിലി ആഘോഷം സുപ്രീം കോടതി ഓഡിറ്റോറിയത്തില്‍ ജനുവരി 28 ന് ഉച്ചയ്ക്ക് 12 മണിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.

സുപ്രീം കോടതിയുടെ എഴുപത്തിയഞ്ചാം വര്‍ഷം അനാവരണം ചെയ്തുകൊണ്ട്, ഡിജിറ്റല്‍ സുപ്രീം കോടതി റിപ്പോര്‍ട്ടുകള്‍ (ഡിജി എസ്.സി.ആര്‍), ഡിജിറ്റല്‍ കോടതികള്‍ 2.0, സുപ്രീം കോടതിയുടെ പുതിയ വെബ്‌സൈറ്റ് എന്നിവ ഉള്‍പ്പെടുന്ന പൗര കേന്ദ്രീകൃത വിവര സാങ്കേതിക മുന്‍കൈകള്‍ക്ക് പ്രധാനമന്ത്രി സമാരംഭം കുറിയ്ക്കും. ആ അവസരത്തില്‍ സമ്മേളനത്തെയും അദ്ദേഹം അഭിസംബോധന ചെയ്യും.

ഡിജിറ്റല്‍ സുപ്രീം കോടതി റിപ്പോര്‍ട്ടുകള്‍ (എസ്.സി.ആര്‍) രാജ്യത്തെ പൗരന്മാര്‍ക്ക് സുപ്രീം കോടതി വിധികള്‍ സൗജന്യമായും ഇലക്‌ട്രോണിക് രൂപത്തിലും ലഭ്യമാക്കും. 1950 മുതലുള്ള 36,308 കേസുകള്‍ ഉള്‍ക്കൊള്ളുന്ന സുപ്രീം കോടതി റിപ്പോര്‍ട്ടുകളുടെ എല്ലാ 519 വാല്യങ്ങളും ഡിജിറ്റല്‍ രൂപത്തില്‍, ബുക്ക്മാര്‍ക്ക് ചെയ്ത്, ഉപയോക്തൃ സൗഹൃദവും തുറന്ന പ്രാപ്യതയോടെയും ലഭ്യമാകും എന്നതാണ് ഡിജിറ്റല്‍ എസ്.സി.ആറിന്റെ പ്രധാന സവിശേഷതകള്‍.

ജില്ലാ കോടതികളിലെ ജഡ്ജിമാര്‍ക്ക് ഇലക്‌ട്രോണിക് രൂപത്തില്‍ കോടതി രേഖകള്‍ ലഭ്യമാക്കുന്നതിന് ഇ-കോര്‍ട്ട്‌സ് പദ്ധതിക്ക് കീഴിലുള്ള സമീപകാല മുന്‍കൈയാണ് ഡിജിറ്റല്‍ കോര്‍ട്ട്‌സ് 2.0 ആപ്ലിക്കേഷന്‍. നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് (എ.ഐ)തത്സമയ അടിസ്ഥാനത്തില്‍ സംഭാഷണം വാചകങ്ങളിലേക്ക് പകര്‍ത്തിയെഴുതുന്നതും ഇതുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.സുപ്രീം കോടതിയുടെ പുതിയ വെബ്‌സൈറ്റും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.ഉപയോക്തൃ സൗഹൃദ ഇന്റര്‍ഫേസ് ഉപയോഗിച്ച് പുനര്‍രൂപകല്‍പ്പന ചെയ്തിരിക്കുന്ന പുതിയ വെബ്‌സൈറ്റ് ഇംഗ്ലീഷ് ഹിന്ദി ദ്വിഭാഷാ രൂപത്തിലുള്ളതുമായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here