ലണ്ടന്‍: പുതുക്കിയ എടിപി റാങ്കിങ്ങ് തിങ്കളാഴ്ച പ്രഖ്യാപിച്ചതോടെ ടെന്നീസ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായംകൂടിയ പുരുഷ താരമെന്ന ചരിത്ര നേട്ടം ഔദ്യോഗികമായി സ്വന്തമാക്കി ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പണ്ണ. ഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പുരുഷ ഡബിള്‍സ് ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയന്‍ താരം മാത്യു എബ്ദെനൊപ്പം അര്‍ജന്റീനയുടെ മാക്സിമോ ഗോണ്‍സാലസ് – ആന്ദ്രേസ് മോള്‍ട്ടെനി സഖ്യത്തെ പരാജയപ്പെടുത്തി സെമിയില്‍ പ്രവേശിച്ചതിനു പിന്നാലെ തന്നെ 43-കാരനായ ബൊപ്പണ്ണ ഒന്നാം റാങ്ക് ഉറപ്പാക്കിയിരുന്നു. എന്നാല്‍ റാങ്കിങ് പുതുക്കാന്‍ അപ്പോഴും ഒരാഴ്ച ബാക്കിയുണ്ടായിരുന്നു. തിങ്കളാഴ്ച പുതുക്കിയ റാങ്കിങ് പ്രഖ്യാപിച്ചതോടെ ബൊപ്പണ്ണ ഔദ്യോഗികമായി ഒന്നാം സ്ഥാനത്തെത്തി.ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഡബിള്‍സ് കിരീടനേട്ടത്തിനു പിന്നാലെയാണ് ഇപ്പോള്‍ ബൊപ്പണ്ണയെ തേടി ഒന്നാം റാങ്കുമെത്തിയിരിക്കുന്നത്. കിരീട നേട്ടത്തോടെ ഓപ്പണ്‍ കാലഘട്ടത്തില്‍ (1968-ന് ശേഷം) ഗ്രാന്‍സ്ലാം ജേതാവാകുന്ന ഏറ്റവും പ്രായമേറിയ പുരുഷ താരമെന്ന താരമെന്ന റെക്കോഡും ബൊപ്പണ്ണ സ്വന്തം പേരിലാക്കി. ബൊപ്പണ്ണയുടെ കരിയറിലെ രണ്ടാം ഗ്രാന്‍ഡ്സ്ലാം നേട്ടവും ആദ്യ പുരുഷ ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാം നേട്ടവുമായിരുന്നു ഇത്. 2017-ല്‍ കാനഡയുടെ ഗബ്രിയേല ഡബ്രോവ്‌സ്‌കിക്കൊപ്പം ഫ്രഞ്ച് ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് കിരീടമായിരുന്നു ആദ്യത്തേത്.റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡ് അമേരിക്കയുടെ രാജീവ് റാമിന്റെ പേരിലായിരുന്നു. 2022 ഒക്ടോബറില്‍ തന്റെ 38-ാം വയസിലാണ് രാജീവ് തന്റെ കരിയറില്‍ ആദ്യമായി ഒന്നാം സ്ഥാനത്തെത്തുന്നത്. ഈ റെക്കോഡാണ് ഇപ്പോള്‍ ബൊപ്പണ്ണ മറികടന്നിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here