തിരുവനന്തപുരം :സ്‌കൂൾ വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പുതിയ പദ്ധതി ആരംഭിക്കുന്നതായി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. പദ്ധതിയ്ക്ക് ഉചിതമായ പേരുകൾ നിർദ്ദേശിക്കാനും മന്ത്രി അഭ്യർത്ഥിച്ചു.സാങ്കേതിക വൈജ്ഞാനിക മേഖലയിലേക്ക് വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുന്നതാവണം പേര്. പേര് ഇംഗ്ലീഷിലോ മലയാളത്തിലോ നിർദ്ദേശിക്കാം. സാങ്കേതികമായ നൂതനാശയങ്ങളെ പ്രായോഗികതയിലേക്ക് മാറ്റുന്നതിനെ സൂചിപ്പിക്കുന്നതാവണം. വൈജ്ഞാനിക സമ്പദ്ഘടന പടുത്തുയർത്തുന്നതിന് സ്‌കൂൾ വിദ്യാർത്ഥികളെ സജ്ജരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന ധാരണയോടെയാവണം നിർദ്ദേശം.നാമനിർദ്ദേശങ്ങൾ ഫെബ്രുവരി നാലിന് വൈകിട്ട് അഞ്ചു മണിയ്ക്കു മുമ്പ് yicteched@gmail.com ലേക്ക് നൽകണം. പേര് തിരഞ്ഞെടുക്കുന്നതിൽ കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും. വിജയികളെ മെയിലിലോ ഫോൺ വഴിയോ വിവരം അറിയിക്കുമെന്ന് മന്ത്രി പറഞ്ഞു.പോളിടെക്‌നിക്കുകളും ടെക്‌നിക്കൽ ഹൈസ്‌കൂളുകളും  മുന്നോട്ടുവയ്ക്കുന്ന  പുതിയ സാധ്യതകൾ സമൂഹത്തെ ബോധ്യപ്പെടുത്താനും നല്ല അക്കാദമിക് നിലവാരവും അഭിരുചിയുമുള്ള വിദ്യാർത്ഥികളെ ക്യാമ്പസുകളിലേക്ക് ആകർഷിക്കാനുമാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. ഇതിനായി സ്‌കൂൾ വിദ്യാർത്ഥികളുടെ അഭിരുചികൾ കണ്ടെത്താൻ സഹായിക്കുന്ന സൈക്കോമെട്രിക് ടെസ്റ്റ്   സംസ്ഥാനതലത്തിൽ ഓൺലൈനായി നടത്തും.ഇങ്ങനെ സാങ്കേതികവിദ്യയിൽ അഭിരുചി തെളിയിക്കുന്ന വിദ്യാർത്ഥികൾക്ക്  പോളിടെക്‌നിക്കുകളിലും ടെക്‌നിക്കൽ ഹൈസ്‌കൂളുകളിലും രൂപീകരിക്കുന്ന ഇന്നൊവേഷൻ ക്ലബ്ബുകൾ ആവശ്യമായ സാങ്കേതിക സഹായം നൽകും. ശിൽപശാലകളും സംഘടിപ്പിക്കും. സാങ്കേതികവിദ്യാഭ്യാസ വകുപ്പിനു കീഴിൽ രൂപീകരിക്കുന്ന യംഗ് ഇന്നൊവേഷൻ ക്ലബ്ബിലൂടെയാവും പദ്ധതി നടപ്പിലാക്കുകയെന്ന് മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here