തിരുവനന്തപുരം : റേഷൻ കാർഡുകളിലെ തെറ്റ് തിരുത്താൻ ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ പദ്ധതി. തെളിമ എന്ന പേരിലെ പദ്ധതി 15ന് ആരംഭിക്കും. ഡിസംബർ 15 വരെ നീണ്ടുനിൽക്കും.
തെറ്റു തിരുത്തുകയും മുൻഗണനാ കാർഡുകൾ കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. റേഷൻ കടകൾക്കു മുന്നിലെ ബോക്സിൽ പരാതികളും അപേക്ഷകളും ഇടാം. അംഗങ്ങളുടെ പേര്, ഇനീഷ്യൽ, മേൽവിലാസം, കാർഡ് ഉടമയുമായുള്ള ബന്ധം, അംഗങ്ങളുടെ തൊഴിൽ, എൽ.പി.ജി വിവരങ്ങൾ തുടങ്ങിയവയിലെ തെറ്റുകളാണ് തിരുത്തിനൽകുക.
എന്നാൽ, റേഷൻ കാർഡുകളിൽ രേഖപ്പെടുത്തിയ വരുമാനം, വീടിന്റെ വിസ്തീർണം, വാഹനങ്ങളുടെ വിവരം എന്നിവയിൽ മാറ്റം വരുത്താനുള്ള അപേക്ഷ നൽകാനാവില്ല. ഇത്തരം അപേക്ഷ ഓൺലൈനായി മാത്രമേ സ്വീകരിക്കൂ. റേഷൻ വിതരണത്തിലെ പ്രശ്നങ്ങൾ, ഗുണനിലവാരം, അളവ് തുടങ്ങിയ പരാതികളും സ്വീകരിക്കും.