തെലുങ്ക് താരം നാഗചൈതന്യയും നടി ശോഭിത ധൂലിപാലിന്റെയും വിവാഹനിശ്ചയം നടന്നു

ഇന്ന് രാവിലെയായിരുന്നു നടൻ നാഗ ചൈതന്യയും നടി ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. നാഗ ചൈതന്യയുടെ പിതാവും നടനുമായ നാഗാർജുന തന്നെയാണ് ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ച്, ആരാധകരെ വിവരം അറിയിച്ചത്.നടി സമാന്തയുമായുള്ള വിവാഹമോചനം നടന്ന് രണ്ടര വർഷങ്ങൾക്ക് ശേഷമാണ് നാഗ ചൈതന്യ പുനർ വിവാഹിതനാകുന്നത്. മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ അഭിനയിച്ച നടിയാണ് ശോഭിത.

പീച്ച് നിറത്തിലെ സാരി ചുറ്റി, തലയിൽ പൂ ചൂടിയാണ് ശോഭിത വിവാഹ നിശ്ചയത്തിൽ തിളങ്ങിയത്. മിനിമൽ ആഭരണങ്ങളും ധരിച്ചിരുന്നു. ഐവറി കുർത്തയാണ് നാഗ ചൈതന്യയുടെ വേഷം. ഏറെക്കാലമായി ഇവർ പ്രണയത്തിലാണ് എന്ന് വാർത്തകളും അഭ്യൂഹങ്ങളും പരക്കുന്നതിനിടെയാണ് വിവാഹനിശ്ചയം നടന്നത്.