കണ്ണൂർ: കരിക്കോട്ടക്കരി രാജീവ് ഗാന്ധി കോളനിയിലെ താമസക്കാരായ അയൽവാസികൾ തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് മദ്യപിച്ചെത്തിയ പ്രതി അയൽവാസിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചു. ആസിഡ് ശരീരത്തിൽ വീണ് ഏഴുപേർക്ക് പൊള്ളലേറ്റു.
ഒരാളുടെ നില ഗുരതരമാണ്. ഇയാളെ പരിയാരത്തെ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 7.30 ഓടെയായിരുന്നു സംഭവം.
രാജീവ് ഗാന്ധി കോളനിയിലെ താമസക്കാരായ മുനീർ (32) ആണ് ആസിഡാക്രമണം നടത്തിയത്. അയൽവാസിയും കോളനിയിലെ താമസക്കാരനായ സുബാഷിനാണ് (36) ഗുരുതരമായി പൊള്ളലേറ്റത്.സമീപത്തുണ്ടയിരുന്ന കുട്ടികളടക്കം കോളനിയിലെ താമസക്കാരായ ആര്യ (അഞ്ച്), വിജേഷ് (12), ശിവകുമാർ (22), ജാനു (35), ശോഭ (45), സോമൻ (70) എന്നിവർക്കും പൊള്ളലേറ്റു. ഇവർക്ക് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകി.
പരിക്കേറ്റ സുഭാഷ് അടുത്തകാലത്ത് കോളനിയിലെ ഒരു സ്ത്രീയെ വിവാഹം കഴിച്ച് താമസിച്ചു വരികയായിരുന്നു. ജില്ലയ്ക്കകത്തും പുറത്തും നിരവധി മോഷണകേസുകളിലെ പ്രതിയാണ് മുനീർ. ഇയാൾ കഴിഞ്ഞ കുറെ വർഷങ്ങളായി കോളനിയിലെ സ്ത്രീയെ വിവാഹം കഴിച്ച് താമസിച്ചു വരികയാണ്. കരിക്കോട്ടക്കരി സിഐ കെ.ജെ. വിനോയിയുടെ നേതൃത്വത്തിലുള്ള പോലീസ് പ്രതിയെ രാത്രിതന്നെ അറസ്റ്റ് ചെയ്തു.