ന്യൂ ദൽഹി :സ്വാഭാവിക റബ്ബറിന്റെ വില നിയന്ത്രിക്കുവാൻ അടിസ്ഥാന പരമാവധി
വില പരിധി നിശ്ചയിക്കുവാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ
പിന്മാറണമെന്ന് ആന്റോ ആന്റണി എംപി ലോക് സഭയിലാവിശ്യപ്പെട്ടു. ശൂന്യവേളയിൽ
ആണ് ഈക്കാര്യം ഉന്നയിച്ചത്. റബ്ബറിന്റെ ആഭ്യന്തര വിപണിയിലെ വില ഉയരാൻ
തുടങ്ങിയതിനു പിന്നാലെയാണ് ഇത്തരം ഒരു നീക്കം നടക്കുന്നത്. അതിജീവനത്തിനായി
ആശ്രയിക്കുന്ന കർഷകർക്ക് ദൂരവ്യാപകവും വിനാശകരവുമായ പ്രത്യാഘാതങ്ങൾ
ഉണ്ടാക്കും. ചെറുകിട നാമമാത്ര കർഷകർ ഉപജീവനത്തിനായി ആശ്രയിക്കുന്ന നിരവധി
സംസ്ഥാനങ്ങളുടെ, പ്രത്യേകിച്ച് കേരളത്തിൽ റബ്ബർ കൃഷി വളരെ നിർണായകമാണ്.
വിപണി വിലയിലെ ഏറ്റക്കുറച്ചിലുകളും ഉൽപ്പാദനച്ചെലവ് വർധിക്കുന്നതും കൊണ്ടും
കർഷകർ ഏറെ ബുദ്ധിമുട്ടുകയാണ്. ഈ സമയം വരെ ഇന്ത്യയിൽ റബ്ബറിന് കുറഞ്ഞ
താങ്ങുവില (എംഎസ്പി) ഏർപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.
പരമാവധി വില സ്ലാബ് ഏർപ്പെടുത്തുന്നതിനുപകരം, റബ്ബറിന് ന്യായവും
ആദായകരവുമായ ഒരു കുറഞ്ഞ താങ്ങുവില സ്ഥാപിക്കുന്നതിലാണ് സർക്കാർ ശ്രദ്ധ
കേന്ദ്രീകരിക്കേണ്ടത്. ഇത് കർഷകർക്ക് ഉറപ്പായ വരുമാനം നൽകുകയും വിപണിയിലെ
ഏറ്റക്കുറച്ചിലുകളിൽ നിന്ന് കർഷകരെ സംരക്ഷിക്കുവാൻ വേണ്ട നടപടികൾ
സ്വീകകരിക്കണമെന്നും ആന്റോ ആന്റണി എംപി ആവശ്യപ്പെട്ടു.