കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് ഈ വർഷം ആരംഭിക്കും: മന്ത്രി വീണാ ജോർജ്

കോട്ടയം: കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് ഈ വർഷം തന്നെ ആരംഭിക്കുമെന്ന് ആരോഗ്യ-വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുന്നതിനുള്ള നടപടികളുമായാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്നും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ ലാമിനാർ ഓപ്പറേഷൻ തീയറ്റർ, പ്രസവ വാർഡ് എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ടു മന്ത്രി പറഞ്ഞു. ഡയാലിസിസ് യൂണിറ്റിനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് പ്രാരംഭപ്രവർത്തനങ്ങൾക്കു വിനിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.ദേശീയ ആരോഗ്യദൗത്യം (എൻ.എച്ച്എം.)2022 -23 വർഷത്തിൽ അനുവദിച്ച ഒരു കോടിരൂപയും, ആർദ്രം പദ്ധതിയിൽ അധികമായി ലഭിച്ച ഒരു കോടി രൂപയും ചെലവഴിച്ചാണ് മൂന്നു ലാമിനാർ ഓപ്പറേഷൻ തീയേറ്റർ, മൂന്ന് ഐ.സി.യു. ബെഡ് പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ് എന്നിവ സജ്ജീകരിച്ചത്. വായുവിലൂടെ പകരുന്ന അണുബാധ പൂർണമായും ഒഴിവാക്കുന്ന രീതിയിൽ ആണ് ഓപ്പറേഷൻ തീയേറ്റർ സജ്ജീകരിച്ചിരിക്കുന്നത്. ഇതിനായി ഓപ്പറേഷൻ തിയറ്ററിലേക്കു വരുന്ന വായുലാമിനാർ ഫ്‌ളോ സിസ്റ്റം ഉപയോഗിച്ചാണ് ഫിൽറ്റർ ചെയ്യുന്നത്. അസ്ഥി, നേത്ര, അവയമാറ്റ ശസ്ത്രക്രിയകൾക്ക് അണുമുക്തമാക്കാൻ സംവിധാനമുള്ള ഇത്തരം ലാമിനാർ തിയറ്ററുകൾ അത്യന്താപേക്ഷിതമാണ്. പ്ലാൻഫണ്ടിൽ ഉൾപ്പെടുത്തി ഒരുകോടി രൂപ ചെലവഴിച്ചു പൂർത്തീകരിച്ച പ്രസവവാർഡിൽ 15 ബെഡ് സജ്ജീകരിച്ചിരിട്ടുണ്ട്. മാസം ശരാശരി 85-90 പ്രസവങ്ങൾ നടക്കുന്ന കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മാതൃ-ശിശു സൗഹൃദമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഒരു കോടി രൂപ ചെലവഴിച്ചു നിർമിക്കുന്ന ഐസൊലേഷൻ വാർഡ് നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്. ഒരു കോടി രൂപ മുടക്കി നിർമിക്കുന്ന മോർച്ചറി ബ്‌ളോക്കിന്റെ നിർമാണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ ആണ്. ചടങ്ങിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി, വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ മണി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത എസ്. പിള്ള, ജില്ലാ പഞ്ചായത്ത് അംഗം ടി.എൻ. ഗിരീഷ്‌കുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷാജി പാമ്പൂരി, പി.എം ജോൺ, ലതാ ഷാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബി. രവീന്ദ്രൻ നായർ, രഞ്ജിനി ബേബി, ലത ഉണ്ണികൃഷ്ണൻ, മിനി സേതുനാഥ്, വർഗ്ഗീസ് ജോസഫ്, ശ്രീകല ഹരി, ശ്രീജിത്ത് വെള്ളാവൂർ, ഒ.ടി സൗമ്യമോൾ , പഞ്ചായത്തംഗം ആന്റണി മാർട്ടിൻ ജോസഫ്, ആശുപത്രി സൂപ്രണ്ട് ഡോ. നിഷാ കെ.മൊയ്തീൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.എൻ സുജിത്ത് എന്നിവർ പങ്കെടുത്തു.

Leave a Reply