പാലക്കാട് : പാലക്കാട് ജില്ലയില്‍ 7.69 ലക്ഷം പേര്‍ക്ക് ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കുംദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി ഫെബ്രുവരി എട്ടിന് പാലക്കാട് ജില്ലയില്‍ വിര നശീകരണത്തിന് അങ്കണവാടി, സ്‌കൂളുകള്‍ മുഖേന ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കും. ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഒന്ന് മുതല്‍ 19 വയസ് വരെയുള്ള 7,69,699 പേര്‍ക്കാണ് മരുന്ന് നല്‍കുന്നത്. ഒന്ന് മുതല്‍ രണ്ട് വയസ് വരെ 200 മില്ലിഗ്രാം ഗുളികയും (അര ഗുളിക) രണ്ട് മുതല്‍ 19 വരെ 400 മില്ലിഗ്രാം (ഒരു ഗുളിക) ഗുളികയും നല്‍കും. ഫെബ്രുവരി എട്ടിന് ഗുളിക കഴിക്കാന്‍ കഴിയാത്തവര്‍ക്ക് 15 ന് മോപ് അപ് റൗണ്ടിലൂടെ മരുന്ന് നല്‍കും.ചെറിയ കുട്ടികള്‍ക്ക് തിളപ്പിച്ചാറിയ വെള്ളത്തില്‍ ഗുളിക അലിയിച്ചാണ് കൊടുക്കേണ്ടത്. മുതിര്‍ന്ന കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന് ശേഷം ചവച്ചരച്ച് കഴിക്കാം. ഗുളിക കഴിച്ച ശേഷം തിളപ്പിച്ചാറിയ വെള്ളം കുടിക്കണം. അസുഖമുള്ള കുട്ടികള്‍ കഴിക്കേണ്ടതില്ല. ശരീരത്തില്‍ വിരകളുടെ തോത് കൂടുതലുള്ള കുട്ടികളില്‍ അപൂര്‍വമായി വയറുവേദന, ഛര്‍ദ്ദി, ചൊറിച്ചില്‍, ശരീരത്തില്‍ തടിപ്പുകള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടായേക്കാം. ഈ സാഹചര്യത്തില്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി ഡോക്ടറെ കാണണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ യോഗത്തില്‍ പറഞ്ഞു. യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.ആര്‍. വിദ്യ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.വിരബാധയും ലക്ഷണങ്ങളുംഎല്ലാപ്രായക്കാരെയും ബാധിക്കാമെങ്കിലും സാധാരണയായി കുട്ടികളെയാണ് വിര ബാധിക്കുന്നത്. മണ്ണില്‍ കളിക്കുന്നതും ചെരുപ്പ് ഉപയോഗിക്കാതിരിക്കുന്നതും വിരബാധയ്ക്ക് സാധ്യത കൂട്ടുന്നു. വളര്‍ച്ചയ്ക്കും വികാസത്തിനുമാവശ്യമായ ഭക്ഷണത്തിലെ പോഷകഘടകങ്ങള്‍ വിരകള്‍ വലിച്ചെടുക്കുമ്പോള്‍ ശരീരത്തില്‍ പോഷകക്കുറവിന് കാരണമാകുന്നു. ഇത് വളര്‍ച്ചയെ ബാധിക്കുന്നു. കുടലുകളിലാണ് വിരകള്‍ സാധാരണയായി കാണപ്പെടുന്നത്. ഉരുളന്‍വിര, കൊക്കപ്പുഴു, കൃമി, നാടവിര, ചാട്ടവിര എന്നിവയാണ് വിവിധതരം വിരകള്‍. കുട്ടികളില്‍ വിരകളുടെ തോത് കൂടുന്നത് കുടലിന്റെ പ്രവര്‍ത്തനം തടസപ്പെടുന്നതിന് കാരണമാവുന്നു. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ സങ്കീര്‍ണമാകാനും സാധ്യതയുണ്ട്. മലദ്വാരത്തിന് ചുറ്റുമുള്ള ചൊറിച്ചില്‍, മലത്തിലും ഛര്‍ദ്ദിലിലും വിരകള്‍, വിളര്‍ച്ച, തളര്‍ച്ച, ഉത്സാഹക്കുറവ്, തൂക്കക്കുറവ്, മലബന്ധം, വയറുവേദന എന്നിവയാണ് പ്രധാനലക്ഷണങ്ങള്‍.