കണ്ണാറ: ചവറാംപാടത്ത് തൂളിയംകുളം വീട്ടിൽ അന്നക്കുട്ടിക്ക് (53) ആണ് വെട്ടേറ്റത്. ഗുരുതര പരിക്കേറ്റ ഇവരെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അന്നക്കുട്ടിയുടെ ഭർത്താവ് മത്തായിയെ (ബേബി – 61) പീച്ചി പൊലീസ് പിടികൂടി. കഴിഞ്ഞദിവസം രാത്രി 10.30നാണ് സംഭവം. പൊലീസ് പറയുന്നത് ഇങ്ങനെ: യു.കെയിൽ എൻജിനീയറായ ഇവരുടെ മകൻ അജിത്ത് പണം അയച്ചു കൊടുക്കുന്നത് അമ്മയായ അന്നക്കുട്ടിയുടെ പേരിലാണ്. ആ പണം ആവശ്യപ്പെട്ട് മദ്യപിച്ചെത്തുന്ന മത്തായി വീട്ടിൽ എന്നും പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. ഇതിനിടെയാണ് കഴിഞ്ഞദിവസം രാത്രിപണം ആവശ്യപ്പെട്ട് വീണ്ടും പ്രശ്നമുണ്ടാകുന്നത്. ഭാര്യയും ഭർത്താവും തമ്മിലുള്ള വാക്കുതർക്കത്തിനിടെ അകത്ത് നിൽക്കുകയായിരുന്ന അന്നക്കുട്ടിയെ വലിയ വിറക് കഷണം ഉപയോഗിച്ച് തല്ലുകയും കഴുത്തിൽ വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയുമായിരുന്നു.വെട്ട് തടയാൻ ശ്രമിക്കുന്നതിനിടെ അന്നക്കുട്ടിയുടെ വിരലറ്റു. കഴുത്തിന്റെ സൈഡിലും പുറകുവശത്തും കൈപ്പത്തിയിലും, വിരലിലുമായി അഞ്ച് ഇടത്ത് വെട്ടേറ്റു. താടിയെല്ലിനും മാരക പരിക്കുണ്ട്. ഇവരുടെ കരച്ചിൽ കേട്ട് സ്ഥലത്തെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. അന്നക്കുട്ടിയുടെ നില ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിലാണ്. നിലവിൽ ഇവരെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കിയിരിക്കുകയാണ്. ഒരാഴ്ച മുമ്പാണ് മകൻ അജിത്തിന്റെ വിവാഹം നടന്നത്. മകനും മരുമകളും ഹണിമൂണിനായി മലേഷ്യയിൽ പോയ സമയത്താണ് സംഭവം നടക്കുന്നത്. ഫോറൻസിക് വിഭാഗവും, ഫിംഗർ പ്രിൻറ് വിഭാഗവും സ്ഥലത്തെത്തി. ബിബിൻ ബി. നായർ, എസ്.ഐ ഷാജു, സീനിയർ സി.പി.ഒ വിനീഷ്, സി.പി.ഒമാരായ ജോസഫ്, നിതീഷ്, ഗ്രേഡ് ഡ്രൈവർ ഷിനോദ് എന്നിവർ പ്രതിയെക്കൊണ്ട് തെളിവെടുപ്പ് നടത്തി.