ആലപ്പുഴ: സബ്സിഡി സാധനങ്ങൾ ലഭിക്കാതായതോടെ ജില്ലയിലെ സപ്ലൈകോ ഔട്ലെറ്റുകൾ ആളില്ലാ കളരികളായി. സബ്സിഡി ഇനങ്ങളിൽ വെളിച്ചെണ്ണ മാത്രമാണ് ഉള്ളത്. അരി മട്ട, അരി ജയ, പച്ചരി, പഞ്ചസാര, ചെറുപയർ, വൻ പയർ, ഉഴുന്ന്, കടല, തുവര, മുളക്, മല്ലി തുടങ്ങിയവ ഒന്നും സബ്സിഡി നിരക്കിൽ ലഭ്യമല്ല. ഇതോടെ ഔട് ലറ്റുകളിലെ വിൽപന നാമമാത്രമായി. വരുമാനവും ഗണ്യമായി ഇടിഞ്ഞു.സബ്സിഡി ഇതര ഇനത്തിലും പലവ്യജ്ഞന സാധനങ്ങളിൽ നാമമാത്രം എണ്ണമാണ് വിൽപനക്കുള്ളത്. വെള്ള കടലമാത്രമാണ് വിൽപനക്കുള്ളത്. 42 രൂപക്ക് മട്ട അരിയും വിൽപനക്കുണ്ട്. മറ്റൊന്നുമില്ല. സബ്സിഡി ഇല്ലാതെ ഇവ ലഭ്യമാണ്. അതിനായി എത്തുന്നവർ ചുരുക്കമാണ്. ആളുകളുടെ വരവ് കുറഞ്ഞതോടെ സബ്സിഡി ഇതര സാധനങ്ങളുടെ വിൽപനയും ഗണ്യമായി കുറഞ്ഞു.
വിപണിയിൽ പലവ്യജ്ഞന സാധനങ്ങൾക്കും അരിക്കും വില കുതിക്കുകയാണ്. അതിനിടയിൽ ആശ്വാസം പകരേണ്ട സപ്ലൈകോ വ്യാപാര ശാലകളിലും സാധനങ്ങൾ ഇല്ലാതായതോടെ ജനങ്ങൾ ജീവിതം തള്ളി നീക്കാൻ പെടാപാട് പെടുന്ന അവസ്ഥയിലാണ്. സാധനങ്ങൾ എന്ന് എത്തും എന്ന് പറയാൻ അധികൃതർക്ക് കഴിയുന്നുമില്ല. ബജറ്റിന് ശേഷം മാറ്റംവരുമെന്ന പ്രതീക്ഷയാണ് സപ്ലൈകോ ജീവനക്കാർ പങ്കുവക്കുന്നത്.
സബ്സിഡി സാധനങ്ങളുടെ വില പുതുക്കി നിശ്ചയിക്കാനുള്ള പുറപ്പാടിലാണ് സർക്കാർ. ചില സാധനങ്ങൾക്ക് ഇപ്പോഴുള്ളതിന്റെ ഇരട്ടിയിലേറെ വർധനവുണ്ടാകുമെന്നാണ് സൂചന. പൊതു വിപണിയിലെ വിലയിൽ 25 ശതമാനം കുറവു വരുത്തിയാകും സബ്സിഡി വില നിശ്ചയിക്കുക. 2016ൽ തീരുമാനിച്ച വിലക്കാണ് നിലവിൽ 13 ഇനം സാധനങ്ങൾ വിൽക്കുന്നത്. അന്നും 25 ശതമാനം വിലക്കുറവാണ് നിശ്ചയിച്ചിരുന്നത്. സബ്സിഡി സാധനങ്ങളുടെ എണ്ണം 13ൽ നിന്നും 16 ആക്കുന്ന കാര്യവും പരിഗണനയിലുണ്ട്.സബ്സിഡി ഇതര പലവ്യജ്ഞനങ്ങളായി അഞ്ച് ഇനങ്ങൾ മാത്രമാണുള്ളത്. ഉഴുന്ന് -134, മുളക് – 252, കടല – 174, പിരിയൻ മുളക് – 254, ചെറുപയർ – 121 എന്നിങ്ങനെയാണ് അവയുടെ വില.