തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ജില്ലകളിൽ പര്യടനം നടത്തി

കോട്ടയം:ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗളിന്റെ അധ്യക്ഷതയിൽ ജില്ലാതല അവലോകന യോഗങ്ങൾ ആരംഭിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ആദ്യഘട്ട അവലോകന യോഗങ്ങൾ നടക്കുന്നത്. സുരക്ഷിതവും സുതാര്യവുമായി തിരഞ്ഞെടുപ്പ് നടത്തുന്നതിന് ജില്ലകളിലുള്ള സാഹചര്യം വിലയിരുത്തുന്നതിനാണ് അവലോകന യോഗങ്ങൾ ചേരുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജില്ലാ ഇലക്ഷൻ ഓഫീസർമാർ കൂടിയായ ജില്ലാകളക്ടർമാർ, ജില്ലാ പോലീസ് മേധാവിമാർ, തിരഞ്ഞെടുപ്പ് ജോലി നിർവ്വഹിക്കുന്ന ഡെപ്യൂട്ടികളക്ടർമാർ, തഹസിൽദാർമാർ തുടങ്ങിയവരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തും.

കുറ്റമറ്റ രീതിയിൽ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തീകരിക്കുന്നതിനായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എല്ലാ ബൂത്തുകളും സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ബൂത്തുകളിൽ ഭിന്നശേഷിക്കാർക്കുള്ള റാംപ്, കുടിവെള്ളം, വൈദ്യുതി തുടങ്ങിയവ ഉറപ്പുവരുത്തണം. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ ജില്ലകളിലെ സാഹചര്യങ്ങൾ വിലയിരുത്തി പോലീസ് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തണം. വോട്ടർപട്ടിക കുറ്റമറ്റതാക്കുന്നതിനുള്ള തുടർ നടപടികളും ജില്ലകളിൽ സ്വീകരിക്കണം. വോട്ട് ചെയ്യുന്നതിന് വിമുഖത കാണിക്കുന്നവരെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളാക്കുന്നതിനുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കണം. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉദ്യോഗസ്ഥർക്കുള്ള പരിശീലനം സമയ ബന്ധിതമായി നൽകണം. കൂടുതൽ സ്ത്രീ സൗഹൃദ ബൂത്തുകളും തയ്യാറാക്കണം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാൽ മാതൃകാപെരുമാറ്റച്ചട്ടമനുസരിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് ഉറപ്പാക്കാൻ സജ്ജമായിരിക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.

Leave a Reply