ഇ-ഗ്രാൻ്റ്സ് സർക്കാരിൻ്റെ ഔദാര്യമല്ല, വിദ്യാർത്ഥികളുടെ അവകാശമാണ്; കെ.എസ്.യു പ്രക്ഷോഭത്തിലേക്ക്

തിരുവനന്തപുരം : ദളിത് ആദിവാസി ഉൾപ്പടെ പിന്നോക്ക വിഭാത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് നൽകി വന്നിരുന്ന ഇ-ഗ്രാൻ്റും സ്കോളർഷിപ്പുകളുടെയും വിതരണം ഒരു വർഷത്തിലേറെയായി മുടങ്ങി കിടക്കുന്ന വിഷയത്തിൽ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ.വിഷയത്തിൽ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് മന്ത്രി കെ.രാധാകൃഷ്ണന് കത്ത് നൽകി.ഇ-ഗ്രാൻ്റുകൾ വർഷത്തിൽ ഒറ്റത്തവണ തീർപ്പാക്കും എന്ന നിലയിലാണ് ഏറ്റവും അവസാനം ഇറക്കിയ സർക്കാർ ഉത്തരവിൽ പറയുന്നത്. സ്ഥാപനങ്ങൾക്ക് നൽകേണ്ട ട്യൂഷൻഫീസ്,
വിദ്യാർത്ഥികൾക്ക് നൽകേണ്ട അലവൻസുകൾ, പരീക്ഷാഫീസ് എന്നിവയെല്ലാം ഒരു പാക്കേജ് പോലെ വർഷത്തിൽ ഒരിക്കൽ ചെയ്യുമെന്നുമാണ് പറയുന്നത്. പക്ഷേ ഇതെല്ലാം ഒരു വർഷത്തിലേറെയായി മുടങ്ങി കിടക്കുന്നു. ഇതിന് ഒരു മോണിറ്ററിംഗ് സംവിധാനവും നിലവിലില്ലന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഇ-ഗ്രാൻ്റ്സ് സർക്കാരിൻ്റെ ഔദാര്യമല്ല, വിദ്യാർത്ഥികളുടെ അവകാശമാണെന്നും, അവകാശങ്ങൾ പിൻവലിച്ച് വിദ്യാർത്ഥികളെ ആശ്രിതരാക്കാൻ ഒരുങ്ങുന്ന നടപടികളിൽ നിന്ന് സർക്കാർ പിൻ വാങ്ങണമെന്നും അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടുവിഷയത്തിൽ കെ.എസ്.യു ശക്തമായ സമരങ്ങൾക്ക് തുടക്കം കുറിക്കും. യൂണിറ്റ് തലം മുതൽ സംസ്ഥാനതലം വരെയുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചതായും അലോഷ്യസ് സേവ്യർ അറിയിച്ചു.

Leave a Reply