അങ്കമാലി:കുടുംബശ്രീ മേളകളിലൂടെ ജനപ്രിയമായ കുടുംബശ്രീയുടെ തനത് വിഭവങ്ങള്‍ക്കൊപ്പം പ്രാദേശിക ഭഷ്യ വൈവിധ്യങ്ങളുടെയും സ്വാദ് അറിയാം കഫേ കുടുംബശ്രീ പ്രീമിയം റസ്റ്ററന്റുകളിലൂടെ. കെട്ടിലും മട്ടിലും ഉന്നത നിലവാരം പുലര്‍ത്തിയാണ് കഫേ കുടുംബശ്രീ പ്രീമിയം റസ്റ്ററന്റ് ജനങ്ങളിലേക്ക് എത്തുന്നത്. അങ്കമാലിയില്‍ ആരംഭിച്ച കേരളത്തിലെ ആദ്യ പ്രീമിയം കുടുംബശ്രീ റസ്റ്ററന്റില്‍ അങ്കമാലിയുടെ തനത് വിഭവങ്ങള്‍ക്കൊപ്പം കുടുംബശ്രീയുടെ മേളകളിലൂടെ ജനപ്രിയമായ വിഭവങ്ങളും ലഭ്യമാകും.
അങ്കമാലി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്താണ് റസ്റ്ററന്റ് പ്രവര്‍ത്തിക്കുന്നത്. സംരംഭകയായ അജിത ഷിജോയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് പ്രവര്‍ത്തന സമയം. ഇരുപതോളം കുടുംബശ്രീ പ്രവര്‍ത്തകരാണ് ഇവിടെയുള്ളത്.
കുടുംബശ്രീയുടെ ജനപ്രിയമായ വന സുന്ദരി, ഗന്ധക ചിക്കന്‍ എന്നിവയോടൊപ്പം അങ്കമാലിയുടെ പ്രാദേശിക വിഭവങ്ങളായ മാങ്ങാക്കറി, ബീഫും കൂര്‍ക്കയും , പോര്‍ക്കും കൂര്‍ക്കയും തുടങ്ങിയവയും ലഭ്യമാകും. കുടുംബശ്രീയുടെ പുതിയ വിഭവമായ കൊച്ചി മല്‍ഹാര്‍ (കാരച്ചെമ്മീന്‍ (ടൈഗര്‍ പ്രോണ്‍) കൊണ്ടുണ്ടാക്കിയ വിഭവം), ഗന്ധക ചിക്കന്‍, ഫിഷ് തവ ഫ്രൈ, ചിക്കന്‍ വറുത്തരച്ചത് തുടങ്ങിയ വിഭവങ്ങളാണ് ഉദ്ഘാടന ദിവസം വിളമ്പിയത്.
കെട്ടിലും മട്ടിലും പുതുമകളോടെ, ശീതികരിച്ച് മനോഹരമായാണ് റസ്റ്ററന്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍, ശുചിത്വം, മാലിന്യ സംസ്‌ക്കരണം, പാഴ്സല്‍ സര്‍വീസ്, ഓണ്‍ലൈന്‍ സേവനങ്ങള്‍, ശുചിമുറി, പാര്‍ക്കിങ്ങ് തുടങ്ങി എല്ലാ വിധ സൗകര്യങ്ങളോടെയാണ് പ്രീമിയം കഫേകളില്‍ സജ്ജമായിരിക്കുന്നത്.