തിരുവനന്തപുർം: പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് ജി. സുരേഷ് കുമാർ ജനം ടിവി നേതൃത്വത്തിലേക്ക്. ജനം ടിവി യുടെ എക്സിക്യൂട്ടിവ് ചെയർമാനായി ജി സുരേഷ് കുമാർ വെള്ളിയാഴ്ച ചുമതലയേറ്റു. പ്രമുഖ ചലച്ചിത്ര സംവിധായകൻ പ്രിയദർശനാണ് ചെയർമാൻ.
ജനം ടിവിയുടെ തിരുവനന്തപുരം സ്റ്റുഡിയോ ഓഫിസിൽവച്ച് സുരേഷ് കുമാറിന് ആർഎസ്എസ് ദക്ഷിണ ഭാരത വിശേഷ സമ്പർക്ക പ്രമുഖും പ്രഭാരിയുമായ ജയകുമാർ ഷോൾ അണിയിച്ച് സ്വീകരിച്ചു. ജനം ടിവി എംഡിയും ഉദയ സമുദ്ര ഗ്രൂപ്പ് ചെയർമാനുമായ എസ്.രാജശേഖരൻ നായർ പൂച്ചെണ്ട് നൽകി. ഡയറക്ടർമാരായ സജീവൻ പറമ്പിൽ, എസ് ജെ ആർ കുമാർ എന്നിവരും സന്നിഹിതരായിരുന്നു.
തിരുവനന്തപുരത്തെ കേരള സർവ്വകലാശാലയിൽ നിന്ന് കൊമേഴ്‌സിൽ ബിരുദം പൂർത്തിയാക്കി ജി.സുരേഷ് കുമാർ, 1978-ൽ പുറത്തിറങ്ങിയ തിരനോട്ടം എന്ന മലയാളം ഫീച്ചർ ഫിലിമിലൂടെ സഹസംവിധായകനായാണ് മലയാള സിനിമയിലേയ്‌ക്ക് കാലെടുത്തു വച്ചത്. പൂച്ചക്കൊരു മൂക്കുത്തി, ആറാം തമ്പുരാൻ, ഓടരുതമ്മാവ ആളറിയം, അക്കരെ നിന്നൊരു മാരൻ, കാശ്മീരം, കുബേരൻ, നീലത്താമര തുടങ്ങി മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഒരുപിടി ചിത്രങ്ങളുടെ നിർമ്മാതാവാണ് അദ്ദേഹം. അടിയുറച്ച ദേശീയ കാഴ്ചപ്പാടുള്ള സുരേഷ് കുമാർ, അടുത്തിടെ ബിജെപിയിൽ അംഗത്വം എടുത്തിരുന്നു.
നിലവിൽ ബിജെപി സംസ്ഥാന സമിതി അംഗം കൂടിയാണ് അദ്ദേഹം. നടി മേനകയാണ് സുരേഷ് കുമാറിന്റെ ഭാര്യ. നടി കീർത്തി സുരേഷ്, രേവതി എന്നിവർ മക്കളാണ്.