കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത ചെറുപുഷ്പ മിഷൻലീഗിന്റെ ആഭിമുഖ്യത്തിൽ 27-ാമത് നിലയ്ക്കൽ തീർഥാടനം നടത്തി. തുലാപ്പള്ളി മാർത്തോമാ ശ്ലീഹാ പള്ളിയിൽ രാവിലെ 10ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ തീർഥാടന സന്ദേശം നൽകി. തുടർന്ന് രൂപതയിലെ നവവൈദികർ വിശുദ്ധ കുർബാന അർപ്പിച്ചു. ഫാ. ഏബ്രഹാം വെള്ളാപ്പള്ളി മുഖ്യകാർമികനായിരുന്നു. നവവൈദികർക്കുള്ള രൂപത മിഷൻ ലീഗിന്റെ ഉപഹാരം രൂപത ഭാരവാഹികൾ കൈമാറി. തുടർന്ന് തീർഥാടകർ തോമാശ്ലീഹായുടെ തിരുശേഷിപ്പ് വന്ദിച്ചു.
ഉച്ചഭക്ഷണത്തിനുശേഷം 1.45ന് ആങ്ങമൂഴിയിൽനിന്ന് നിലയ്ക്കൽ എക്യുമെനിക്കൽ പള്ളിയിലേക്ക് നടന്ന വിശ്വാസപ്രഘോഷണ ജപമാല റാലി തുലാപ്പള്ളി പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ ഉള്ളാട്ട് ഫ്ലാഗ് ഓഫ് ചെയ്തു. മിഷൻ ലീഗ് രൂപത പ്രസിഡന്റ് മാത്യു മരങ്ങാട്ട് പതാക ഏറ്റുവാങ്ങി. ജപമാല റാലി എക്യുമെനിക്കൽ പള്ളിയിലെത്തിയപ്പോൾ നടന്ന സമാപന ശുശ്രൂഷകൾക്ക് അഡ്മിനിസ്ട്രേറ്റർ ഫാ. ബാബു മൈക്കിൾ ഒഐസി നേതൃത്വം നൽകി. മിഷൻലീഗ് രൂപത ജോയിന്റ് ഡയറക്ടർ ഫാ. ആന്റണി തുണ്ടത്തിൽ കൃതജ്ഞതാപ്രകാശനം നടത്തി.കാഞ്ഞിരപ്പള്ളി രൂപതയിലെ എല്ലാ ഇടവകകളിലുംനിന്നുള്ള മിഷൻ ലീഗ് അംഗങ്ങളായ ഏഴാം ക്ലാസ് വിദ്യാർഥികളും ഭാരവാഹികളുമാണ് തീർഥാടനത്തിൽ പങ്കെടുത്തത്. തുലാപ്പള്ളി ഇടവക അംഗങ്ങളും മിഷൻ ലീഗിന്റെ രൂപത, ഫൊറോന ഭാരവാഹികളും തീർഥാടനത്തിന് നേതൃത്വം നൽകി.