സുപ്രീംകോടതിയിൽ ലോ ക്ലർക്ക് കം റിസർച്ച് അസോസിയേറ്റ്സ്; അപേക്ഷ ക്ഷണിച്ചു

ന്യൂഡൽഹി: സുപ്രീംകോടതിയിലെ ലോ ക്ലർക്ക് കം റിസർച്ച് അസോസിയേറ്റ്സ് തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഹ്രസ്വകാല കരാർ പ്രോഗ്രാമുകളാണിത്. 90 ഒഴിവുകളുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 80,000 രൂപ ശമ്പളം ലഭിക്കും. അപേക്ഷകരുടെ പ്രായം 20നും 32നുമിടയിൽ. 2024 ​ഫെബ്രുവരി 15 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.

യോഗ്യത: നിയമ ബിരുദമാണ് അടിസ്ഥാന യോഗ്യത. അപേക്ഷകർ രാജ്യത്തെ ഏതെങ്കിലും ബാർ കൗൺസിലിൽ അഭിഭാഷകരായി എൻറോൾ ചെയ്തിരിക്കണം.

അവസാന വർഷ പഞ്ചവത്സര എൽ.എൽ.ബി വിദ്യാർഥികൾക്കും അവസാന വർഷ ത്രിവത്സര എൽ.എൽ.ബി വിദ്യാർഥികൾക്കും അപേഷിക്കാം. ​അപേക്ഷകർക്ക് നിരീക്ഷണ പാടവം, എഴുതാനുള്ള കഴിവ്, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ അഭികാമ്യം. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

ബംഗളൂരു, ഭോപാൽ, ഭുവനേശ്വർ, ചണ്ഡീഗഢ്, ചെന്നൈ, ഡെറാഡ്യൂൺ, ഡൽഹി, ഗാന്ധിനഗർ, ഗുവാഹത്തി, ഹൈദരാബാദ്, ഇംഫാൽ, ജോധ്പൂർ, കൊൽക്കത്ത, ലഖ്നോ, മുംബൈ, നാഗ്പൂർ, പട്ന, പുനെ, റായ്പൂർ, റാഞ്ചി, ശ്രീനഗർ, തിരുവനന്തപുരം, വിശാഖപട്ടണം എന്നിവയാണ് പരീക്ഷ കേന്ദ്രങ്ങൾ.

മാർച്ച് 10നാണ് എഴുത്തുപരീക്ഷ നടക്കുക. മോഡൽ ചോദ്യപേപ്പറുകൾ വെബ്സൈറ്റുകളിൽ ലഭ്യമാകും. അപേക്ഷ അയക്കേണ്ട അവസാന തീയതി: ഫെബ്രുവരി 15. കൂടുതൽ വിവരങ്ങൾക്ക് www.sci.gov.in കാണുക.

Leave a Reply