നിയമ അവബോധമുണ്ടെങ്കിലേ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കു: അഡ്വ. പി. സതീദേവി

തൃശ്ശൂർ : നിയമ അവബോധം കൈവരിച്ചെങ്കിലേ ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ നേടിയെടുക്കാന്‍ നമുക്കു സാധിക്കുകയുള്ളെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. പട്ടികവര്‍ഗ മേഖല ക്യാമ്പിന്റെ ഭാഗമായി അതിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ അരൂര്‍മുഴി കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ.

നല്ല നിയമ അവബോധമുള്ളവരായി ഓരോ പൗരനും മാറണം. നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയെപ്പറ്റി എല്ലാവരും പഠിക്കണം. അന്തസോടെ, ആത്മാഭിമാനത്തോടെ തൊഴിലെടുത്ത് ജീവിക്കാന്‍ ഭരണഘടന അവകാശം നല്‍കുന്നുണ്ട്. സ്ത്രീകളെ ഒരു തരത്തിലും പീഡിപ്പിക്കാന്‍ പാടില്ല.

അതിരപ്പള്ളി പഞ്ചായത്തിലെ ഊരുകളില്‍ നടത്തിയ സന്ദര്‍ശനത്തില്‍ നിന്നു മനസിലായത് ഇവിടെയുള്ളവര്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത കൂടുതലായുണ്ടെന്നാണ്. ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഇവിടെയുള്ളവര്‍ക്ക് ജീവിതത്തില്‍ പുതിയ പ്രതീക്ഷകള്‍ പകര്‍ന്നു നല്‍കാന്‍ സാധിക്കണം. ഊരു നിവാസികള്‍ക്ക് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നതിനുള്ള തടസങ്ങള്‍ പരിഹരിച്ചു നല്‍കണം. ജീവിത പ്രശ്‌നങ്ങളെ നേരിടാനുള്ള ഉള്‍ക്കരുത്ത് ഓരോ വ്യക്തിയും ആര്‍ജിക്കണം. ഊരുകളിലെ പ്രശ്‌നങ്ങള്‍ ഒറ്റയടിക്ക് മാറില്ല. പ്രശ്‌നങ്ങളെ ഘട്ടം ഘട്ടമായി ലഘൂകരിക്കണം.

അതിപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആതിര ദേവരാജന്‍ അധ്യക്ഷത വഹിച്ചു. വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രന്‍, വി.ആര്‍. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ, ഡയറക്ടര്‍ ഷാജി സുഗുണന്‍, വനിതാ കമ്മിഷന്‍ റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന എന്നിവര്‍ സംസാരിച്ചു. പട്ടികവര്‍ഗ മേഖലയുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ എന്ന വിഷയം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സവിത പി ജോയ് അവതരിപ്പിച്ചു. ഗാര്‍ഹികാതിക്രമവും നിയമ പരിരക്ഷയും എന്ന വിഷയം അഡ്വ. പ്രിയ മോള്‍ അവതരിപ്പിച്ചു.

Leave a Reply