തിരുവനന്തപുരം: തൊഴിൽ സാധ്യതകൾ വർധിപ്പിക്കുന്ന വിധത്തിൽ കേരളത്തിലെ സർവകലാശാലകൾ അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്പോർട്സ് അനുബന്ധ കോഴ്സുകൾ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. സ്പോർട്സ് എൻജിനീയറിംഗ്, സ്പോർട്സ് മെഡിസിൻ, സ്പോർട്സ് മാനേജ്മെൻറ് തുടങ്ങിയ കോഴ്സുകൾക്കായിരിക്കും പ്രാധാന്യം നൽകുകയെന്നും മന്ത്രി പറഞ്ഞു. പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിയിൽ ‘സ്പോർട്സ് എക്സലൻസ് എൻജിനീയറിങ്, മാനേജ്മെൻറ് ആൻഡ് ടെക്നോളജി’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച പാനൽ ചർച്ചയിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
പുത്തൻ സാങ്കേതിക വിദ്യയും ശാസ്ത്രവും ഉപയോഗിച്ച് വികസിതരാജ്യങ്ങളിൽ വലിയ മാറ്റങ്ങളാണ് കായികരംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതു മനസ്സിലാക്കി കേരളത്തിന്റെ കായികമേഖലയിൽ അത്തരത്തിലുള്ള കാലാനുസൃതമായ പരിഷ്‌കാരങ്ങൾ കൊണ്ടുവരിക എന്നതാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. കേരളത്തിന്റെ സാംസ്‌കാരികവും സാമൂഹികവുമായ മുന്നേറ്റങ്ങളിൽ എക്കാലത്തും വലിയ സംഭാവനകൾ നൽകിയിട്ടുള്ളതാണ് കേരളത്തിന്റെ കായികമേഖല. രാജ്യത്തിന് അകത്തും പുറത്തുനിന്നും വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന കായിക ഉച്ചകോടി രാജ്യത്തിൻറെ കായിക പുരോഗതിക്ക് ഊർജം നൽകും. ഇത് ഏറെ അഭിമാനകരമാണെന്ന് മന്ത്രി പറഞ്ഞു.
എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഏറ്റവും മികച്ച സ്റ്റേഡിയങ്ങൾ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. 57 കോടി രൂപയുടെ സ്റ്റേഡിയമാണ് എംജി സർവകലാശാലയിൽ സജ്ജമായി കൊണ്ടിരിക്കുന്നത്. സ്പോർട്സ് പരിശീലരംഗത്തേക്ക് കൂടുതൽ ആധുനിക ഉപകരണങ്ങൾ കൊണ്ടുവരണമെന്ന് ചർച്ചയിൽ പങ്കെടുത്ത അർജുന അവാർഡ് ജേതാവ് ജോർജ് തോമസ് പറഞ്ഞു.