തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ വ്യവസായ വകുപ്പിൽ വാണിജ്യാവശ്യത്തിന് പ്രത്യേക വിഭാഗവും വ്യവസായ വാണിജ്യ ഡയറക്ടറേറ്റിൽ പ്രത്യേക വാണിജ്യ ഡിവിഷനും സ്ഥാപിക്കും. സംസ്ഥാനത്ത് വ്യാപാര വാണിജ്യ മേഖലയ്ക്ക് അർഹിക്കുന്ന പ്രധാന്യം നൽകലാണ് ഉദ്ദേശ്യം. നവകേരള സദസ്സിലെ പല വേദികളിലും പല വ്യവസായ സംഘടനകളും ഉന്നയിച്ച ആവശ്യം പരിഗണിച്ചാണ് മന്ത്രിസഭായോഗം തീരുമാനമെടുത്തതെന്ന് വ്യവസായ മന്ത്രി പി.രാജീവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്തെ വ്യാപാര വാണിജ്യ പ്രവർത്തനങ്ങളുടേയും ബിസിനസിന്റേയും വികസനം ലക്ഷ്യമിട്ട് വ്യാപാരി വ്യവസായി സംഘടനകളുമായി സർക്കാർ ആശയവിനിമയം നടത്തിയിരുന്നു. നവകേരള സദസിന്റെ ഭാഗമായി ഉയർന്നുവന്ന നിർദ്ദേശങ്ങളും പരിശോധിച്ചു. സംസ്ഥാനത്ത് വ്യവസായങ്ങളുടെ രൂപീകരണത്തിനും വളർച്ചയ്ക്കും പിന്തുണ നൽകുന്ന നയങ്ങൾ രൂപീകരിക്കുക എന്നലക്ഷ്യത്തോടെയാണ് കേരളത്തിൽ വ്യവസായ വകുപ്പ് രൂപീകരിക്കപ്പെട്ടത്. മാറുന്ന കാലത്തെ ബിസിനസ് അന്തരീക്ഷത്തിന്റെ ആവശ്യങ്ങൾകണക്കിലെടുത്ത്, വ്യാപാര വാണിജ്യ മേഖലയ്ക്ക് ഊന്നൽനൽകുന്നതിനായി വ്യവസായ വകുപ്പ് കൈകാര്യം ചെയ്യുന്നകാര്യങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കാനാണ് സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നത്. ഇതിലൂടെ വാണിജ്യ വ്യാപാര പ്രവർത്തനങ്ങളുടേയും സ്ഥാപനങ്ങളുടേയും വളർച്ചക്ക് അനുയോജ്യമായ അന്തരീക്ഷം ഒരുക്കാനാകും.
ട്രേഡ് പ്രോമോഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കേന്ദ്രസർക്കാരിന് ഒരു പ്രത്യേക വാണിജ്യ വകുപ്പുണ്ട്. ഇതിന് സമാനമായ ഒരു സംവിധാനം കേരളത്തിലും നടപ്പാക്കുന്നതിന്റെ ഭാഗമായി വ്യവസായ വകുപ്പിന്റെ കീഴിൽ പ്രത്യേകമായി വാണിജ്യ വിഭാഗം രൂപീകരിക്കുവാനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. ഇതിന്റെ ഭാഗമായി സർക്കാരിന്റെ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി 1നെ വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിക്കാനാണ് ഉദ്ദേശിക്കുന്നത്. വ്യാപാര വാണിജ്യപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഫയലുകൾ കൈകാര്യംചെയ്യുന്നതിന് സർക്കാർ സെക്രട്ടേറിയറ്റിലെ വ്യവസായ വകുപ്പിന് കീഴിൽ ഒരു അണ്ടർ സെക്രട്ടറിയെ നിയോഗിക്കും. വാണിജ്യ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വ്യവസായ വാണിജ്യ ഡയറക്ടറേറ്റിലും ജില്ലാ വ്യവസായ കേന്ദ്രങ്ങളിലും ചുമതലകളും ഉത്തരവാദിത്തങ്ങളും പുനഃക്രമീകരിക്കും.
ഐഎഎസ് കേഡറിൽ നിന്നുള്ള ഒരു സ്പെഷ്യൽ ഓഫീസർ കൊമേഴ്സ്, ജോയിൻറ്ഡയറക്ടർ (കൊമേഴ്സ്), ഡെപ്യൂട്ടി ഡയറക്ടർ (കൊമേഴ്സ്), ജില്ലാ വ്യവസായ കേന്ദ്രത്തിലെ മാനേജർ (കൊമേഴ്സ്), ക്ലറിക്കൽ സ്റ്റാഫ് എന്നിവരെ നിയമിക്കും.
സംസ്ഥാനത്തെ ചില്ലറ വ്യാപാര മേഖലയെ പ്രോത്സാഹിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക, സംസ്ഥാനത്തെ സംരംഭങ്ങളെ നവീകരിക്കുന്നതിന് ശേഷിവികസനം, സാങ്കേതികവിദ്യ ഏറ്റെടുക്കൽ, ക്ലസ്റ്റർ വികസനം എന്നിവയ്ക്ക് കൈത്താങ്ങ് നൽകുക, ഇന്ത്യയിലും വിദേശത്തുമുള്ള പ്രധാന വ്യാപാര മേളകളിലും പ്രദർശനങ്ങളിലും പങ്കെടുക്കുവാൻ സംരംഭങ്ങൾക്ക് പിന്തുണയും സഹായവും നൽകുക, കേരളത്തിലെ ബിസിനസ്സുകാർക്കും സംരംഭകർക്കും ദേശീയഅന്തർദേശിയ വിപണികളെ കുറിച്ച് പഠിക്കുവാനുള്ള അവസരങ്ങൾസൃഷ്ടിക്കുക, കേരളത്തിലെ എന്റർപ്രൈസസ് ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ സേവനങ്ങൾ സാങ്കേതികവിദ്യകൾ എന്നിവ ദേശീയ അന്തർദേശീയ ഉപഭോക്താക്കൾക്ക് നരിട്ട് വിപണനം ചെയ്യുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.