തിരുവനന്തപുരം: സർക്കാരിന്റെ നേതൃത്വത്തിലുള്ള ലോട്ടറി സംവിധാനമെന്ന നിലയിൽ ലഭിക്കുന്ന തുകയുടെ സിംഹഭാഗവും ജനങ്ങളിലേക്കുതന്നെ തിരികെ എത്തിക്കുന്ന സമ്പ്രദായമാണ് സ്വീകരിക്കുന്നത്. ലോട്ടറി പ്രസ്ഥാനം പലരുടെയും ഉപജീവനമാർഗമാണ്. അതിനാൽ, ജനങ്ങളുടെ പിന്തുണയോടെ പ്രസ്ഥാനത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും ലോട്ടറിയിൽനിന്നുള്ള വരുമാനം പൊതുജന ക്ഷേമത്തിനാണ് ഉപയോഗിക്കുന്നതെന്ന് മന്ത്രി കെ എൻ ബാലഗോപാൽ.സമ്മാനത്തുകയും സമ്മാനങ്ങളും വർധിപ്പിച്ചു. ആകെ സമ്മാനങ്ങൾ കഴിഞ്ഞ തവണ 3,88,840 ആയിരുന്നത് ഇത്തവണ 6,91,300 എണ്ണമായി ഉയർത്തി. മുൻവർഷം 16 കോടിയായിരുന്നു ഒന്നാം സമ്മാനം. ഇക്കുറി ഒന്നാം സമ്മാനമായ 20 കോടിക്കു പുറമെ രണ്ടാം സമ്മാനമായി ഒരു കോടി വീതം 20 പേർക്കും ലഭിക്കും. ഇതോടെ 21 കോടീശ്വരന്മാരെയാണ് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആന്റണി രാജു എംഎൽഎ അധ്യക്ഷനായി. നികുതി അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, ലോട്ടറി ജോയിന്റ് ഡയറക്ടർമാരായ മായാ എൻ പിള്ള, രാജ് കപൂർ എന്നിവരും പങ്കെടുത്തു.