പകല്‍വീടുകളുടെ എണ്ണം വര്‍ധിപ്പിക്കണം: വനിതാ കമ്മിഷന്‍

കോഴിക്കോട്:

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള പകല്‍ വീടുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു.  കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ.

മക്കള്‍ ജോലിക്ക് പോയി കഴിഞ്ഞാല്‍ ഒറ്റപ്പെട്ടു കഴിയുന്ന വയോധികരായ അമ്മമാര്‍ക്ക് പകല്‍ വീടുകളുടെ പ്രവര്‍ത്തനം ആശ്വാസം നല്‍കും. വയോധികരായ അമ്മമാരെ സംരക്ഷിക്കാന്‍ തയാറാകാത്ത മക്കളുടെ എണ്ണം വര്‍ധിക്കുകയാണ്. ഇതിന്റെ ഫലമായി  മനസമാധാനത്തോടെ ജീവിക്കുന്നതിനുള്ള സാഹചര്യം ഒരുക്കി തരണമെന്ന ആവശ്യവുമായി വനിതാ കമ്മിഷന്റെ ഓഫീസില്‍ ഉള്‍പ്പെടെ വയോധികരായ അമ്മമാര്‍ എത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. പകല്‍ വീടുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിലൂടെ അമ്മമാര്‍ക്ക് പകല്‍ സമയത്തെങ്കിലും കൂട്ടായി ഇരിക്കുന്നതിനുള്ള സാഹചര്യം സാധ്യമാകും.

ഗാര്‍ഹിക പീഡനം, ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടുള്ള കേസുകള്‍ വര്‍ധിക്കുന്നത് കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്ന പശ്ചാത്തലത്തിലാണ്. അതിനാല്‍ കുടുംബ ബന്ധങ്ങള്‍ രമ്യമാക്കുന്നതിന്  വിവാഹപൂര്‍വ കൗണ്‍സിലിംഗ് വ്യാപകമാക്കണം. വിവാഹ രജിസ്‌ട്രേഷന്റെ സമയത്ത് വിവാഹപൂര്‍വ കൗണ്‍സിലിംഗിന് വിധേയരായിരുന്നു എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെന്ന നിബന്ധന വയ്ക്കുന്നത് ഊഷ്മളമായിട്ടുള്ള കുടുംബ ബന്ധം സാധ്യമാക്കുന്നതിന് സഹായകമാകും.  കുടുംബ കോടതിയില്‍ കേസ് നിലനില്‍ക്കെ പലരും കമ്മിഷനെ സമീപിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പരാതികളും ഒത്തുതീര്‍പ്പാക്കാന്‍ സാധിക്കുന്നുണ്ട്.

അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപികമാരെ സുദീര്‍ഘമായ കാലയളവില്‍ ജോലി ചെയ്തതിനു ശേഷം യാതൊരു ആനുകൂല്യങ്ങളും നല്‍കാതെ പിരിച്ചു വിടുന്നതു സംബന്ധിച്ച പരാതികളും കമ്മിഷനു മുന്‍പാകെ പരിഗണനയ്ക്ക് എത്തി.

അണ്‍എയ്ഡഡ് മേഖലയിലെ അധ്യാപികമാരുടേത് ഉള്‍പ്പെടെ 11 മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വനിതാ കമ്മിഷന്റെ നേതൃത്വത്തില്‍ പബ്ലിക് ഹിയറിംഗ് നടത്താന്‍ തീരുമാനിച്ചിരുന്നു. ലോട്ടറി, മത്സ്യവില്‍പ്പന ഉള്‍പ്പെടെ എട്ട് മേഖലകളിലെ ഹിയറിംഗ് പൂര്‍ത്തിയായതായും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

Leave a Reply