തിരുവനന്തപുരം: വർക്കലയിൽ വീട്ടുകാർക്ക് മയക്കുമരുന്ന് നൽകി മോഷണം. ഒരു വീട്ടിലെ മൂന്നു പേർക്ക് ഭക്ഷണത്തിൽ മയക്കുമരുന്ന് നൽകി മയക്കി കിടത്തിയിട്ടാണ് മോഷണം നടത്തിയിരിക്കുന്നത്.സംഭവത്തിൽ ഇവരുടെ വീട്ടിൽ ജോലിക്കു നിന്നിരുന്ന നേപ്പാൾ സ്വദേശിനിക്കായി അന്വേഷണം പുരോഗമിക്കുകയാണ്. നേപ്പാൾ സ്വദേശിനിയും ഇവരുടെ കൂട്ടാളികളായ നാല് പുരുഷന്മാരും ചേർന്നാണ് മോഷണം നടത്തിയതെന്നാണ് പോലീസ് നൽകുന്ന വിവരം. സംഘത്തിലെ രണ്ട് പേരെ നാട്ടുകാർ പിടികൂടി പോലീസിനു കൈമാറിയിരുന്നു.
അബോധാവസ്ഥയിലായ വയോധിക ഉൾപ്പെടെ ഉള്ളവർ ആശുപത്രിയിലാണ്. ചൊവ്വാഴ്ച രാത്രിയാണ് വീട്ടമ്മയായ ശ്രീദേവി, മരുമകൾ ദീപ, ഹോംനേഴ്സ് സിന്ധു എന്നിവരെ അബോധാവസ്ഥയിൽ വീട്ടിൽ കണ്ടെത്തിയത്.വീട്ടിലെ അലമാര കുത്തിത്തുറന്ന് പണവും സ്വർണവും മോഷ്ടിക്കുകയായിരുന്നു. ശ്രീദേവിയുടെ മകൻ ബംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. ഇയാൾ അമ്മയെയും ഭാര്യയും ഫോണിൽ മാറിമാറി വിളിച്ചിട്ട് കിട്ടുന്നുണ്ടായിരുന്നില്ല.തുടർന്ന് ബന്ധുവിനെ വീട്ടിലേക്ക് അയച്ചപ്പോഴാണ് മോഷ്ടാക്കൾ വീട്ടിൽ നിന്ന് ഇറങ്ങി ഓടിയത്. ഇതിലൊരാളെ നാട്ടുകാർ അപ്പോൾ തന്നെ പിടികൂടി. വീട്ടിലൊളിച്ചിരുന്ന മറ്റൊരാളെ ഇന്ന് രാവിലെയാണ് പിടികൂടി പോലീസിൽ ഏൽപിച്ചത്.