കോട്ടയം: എലിക്കുളം ഗ്രാമപഞ്ചായത്തിൽ ശലഭ ഗ്രാമയജ്ഞം പദ്ധതിയുടെ ഉദ്ഘാടനം ഓസ്ട്രിയയിലെ ഇൻസ്ബ്രുക്ക് സർവകലാശാലയിലെ അധ്യാപകനും തീം സെന്റേർഡ് ഇന്ററാക്ഷൻ (ടി.സി.ഐ) അന്താരാഷ്ട്ര ഫെസിലിറ്റേറ്ററുമായ ഡോ. മത്തിയാസ് ഷേറർ നിർവഹിച്ചു. ഇളങ്ങുളം ശാസ്താ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ എസ്. ഷാജി അധ്യക്ഷനായി. പദ്ധതി നടപ്പാക്കുന്നതിലൂടെ ലോകത്തെ ആദ്യ ശലഭഗ്രാമമായി എലിക്കുളം മാറും.
മുതിർന്ന പൗരന്മാരെ ജീവിതത്തിന്റെ സന്തോഷകരമായ മൂന്നാംഘട്ടത്തിലേക്ക് നയിക്കുന്ന എം.ജി സർവകലാശാലാ യു3എ (യൂണിവേഴ്‌സിറ്റി ഓഫ് തേഡ് ഏജ് ) പദ്ധതിയും ബട്ടർഫ്‌ലൈ ഫൗണ്ടേഷൻ ഫോർ ടി.സി.ഐ ഇന്റർനാഷണലും ചേർന്നാണ് ഒക്‌റ്റോബർ രണ്ടു വരെ നീണ്ടുനിൽക്കുന്ന ശലഭ ഗ്രാമ യജ്ഞം എന്ന 250 ദിന പരിപാടി സംഘടിപ്പിക്കുന്നത്. ശലഭ പരിണാമം പോലെ മാനവ പരിണാമം എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. എലിക്കുളം ഗ്രാമപഞ്ചായത്തിലെ സ്‌കൂൾ, കോളജ് വിദ്യാർഥികൾ, സ്ത്രീകൾ, അധ്യാപകർ, പ്രായമായവർ, പ്രത്യേക പരിഗണന ആവശ്യമുള്ളവർ എന്നിങ്ങനെ ആറു വിഭാഗത്തിൽ പെടുന്നവരുടെ സമ്പൂർണ പരിണാമത്തിനാവശ്യമായ പദ്ധതികളാണ് യജ്ഞത്തിലൂടെ നടപ്പാക്കുക.
എം.ജി. സർവകലാശാലാ യു 3 എ മെന്റർ ഡോ. തോമസ് എബ്രഹാം, ഐ.യു.ഡി.എസ് ഡയറക്ടർ പ്രൊഫ: പി.ടി. ബാബുരാജ്, ഗ്രാമ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സൂര്യാ മോൾ, അഖിൽ അപ്പുക്കുട്ടൻ, ഷേർളി അന്ത്യാംകുളം, ഡോ. ടോണി കെ. തോമസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.എം. മുഹ്‌സിൻ, ഗ്രാമപഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.